dinosaurs

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ സസ്യഭുക്കുകളായ ദിനോസറുകളുടെ മുട്ടകളുടെ ഫോസിൽ കണ്ടെത്തി. 65 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ദിനോസറിന്റെ ഏഴ് മുട്ടകളുടെ ഫോസിലാണ് മാണ്ട്‌ല ജില്ലയിൽ നിന്നും കണ്ടെത്തിയിരിത്തുന്നത്.

ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത സ്പീഷിസിൽപ്പെട്ട ദിനോസറിന്റെ മുട്ടയാണിതെന്നാണ് പാലിയന്റോളജിസ്റ്റ് ആയ പ്രൊഫ. പി.കെ. കഥാൾ പറയുന്നത്. മാണ്ട്‌ല ജില്ലയുടെ ആസ്ഥാനത്ത് നിന്ന് നാല് കിലോമീറ്റർ അകലെയുള്ള മോഹൻതോല പ്രദേശത്താണ് കഥാൾ ദിനോസർ മുട്ടകൾ കണ്ടെത്തിയത്. പ്രശാന്ത് ശ്രീവാസ്തവ എന്ന അദ്ധ്യാപകനാണ് ആദ്യമായി ഇവ കണ്ടെത്തിയത്.

പ്രദേശവാസിയായ ഒരു കുട്ടിയുടെ കൈയ്യിൽ മുട്ടകളിൽ ഒന്ന് ഇദ്ദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രശാന്ത്, കഥാളിനെ വിവരമറിയിക്കുകയായിരുന്നു, സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ ( എസ്.ഇ.എം ) മുട്ടയിൽ താൻ പരിശോധന നടത്തിയതായും കഥാൾ ഒരു ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു.

2.6 കിലോഗ്രാമാണ് ഒരു മുട്ടയുടെ ഭാരം. പ്രദേശത്ത് ഒരു ടാങ്കിനായി കുഴിക്കുന്നതിനിടെയാണ് മുട്ടകൾ കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായി ദിനോസർ ഫോസിൽ 1828ൽ മദ്ധ്യപ്രദേശിലെ തന്നെ ജബാൽപൂർ ജില്ലയിൽ നിന്നും കേണൽ സ്ലീമാൻ ആയിരുന്നു കണ്ടെത്തിയതെന്നുമാണ് കഥാർ ചൂണ്ടിക്കാട്ടുന്നത്. ഥാർ ജില്ലയിൽ നിന്നും ദിനോസറിന്റെ മുട്ടകളും കണ്ടെത്തിയിട്ടുണ്ട്.