കൊല്‍ക്കത്ത: കൊവിഡ് വൈറസ് രോഗവ്യാപനം നിയന്ത്രണവിധേയമാവുകയും അവസാനിക്കുകയും ചെയ്താല്‍ രാജ്യത്തുടനീളമായി പൗരത്വനിയമ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തെ പര്യടനം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി.
പൗരത്വ നിയമം നടപ്പിലാക്കും. അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കും. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടാണ് ആ കാര്യങ്ങൾ. പക്ഷേ, അതെന്തായാലും നടപ്പിലാക്കും. നിയമം നിലവിൽ വരും. ഷാ പറഞ്ഞു.മമത ബാനർജിയെ താഴെയിറക്കി പശ്ചിമ ബംഗാളിൽ ബി.ജെ.പി ഭരണം നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ പശ്ചിമ ബംഗാളിൽ എത്തിയത്. പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രചരണം ശക്തമാക്കി കഴിഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി ഭരണം നേടിയെടുക്കാൻ പ്രചരണവേദിയിൽ മുൻ നിരയിൽ തന്നെയുണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി. മമതയിൽ നിന്നും പശ്ചിമ ബംഗാളിലെ ഭരണം പിടിച്ചെടുക്കുകയെന്നതാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം.
"കോൺഗ്രസിനും ഇടതുപക്ഷത്തിനും തൃണമൂൽ കോൺഗ്രസിനും നിങ്ങൾ അവസരം നൽകി. ഒരവസരം ഞങ്ങൾക്ക് തരൂ. 5 വർഷത്തിനുള്ളിൽ സുവർണ്ണ ബംഗാൾ പണിയുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു." അമിത് ഷാ പറഞ്ഞു.
വികസനത്തിനായി മോദി സർക്കാരിന് ഒരു അവസരം നൽകണമെന്നും ബംഗാളിലെ വോട്ടർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ സംഘടനാ പരിപാടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു അമിത് ഷായുടെ ബംഗാൾ പര്യടനം.