ബിനീഷിന്റെ വീട്ടിലെ റെയ്ഡ്
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ വാറണ്ടുമായി നടത്തിയ പരിശോധന നിയമപരമാണെന്നും ഒരു പിശകുമില്ലെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇ-മെയിലിൽ നൽകിയ മറുപടിയിൽ പൊലീസ് തൃപ്തരല്ല. റെയ്ഡിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ പേരും പദവിയും അടക്കമുള്ള വിവരങ്ങൾ ഇ.ഡി പൊലീസിന് കൈമാറിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ തലസ്ഥാനത്തുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എവിടെയാണ് തങ്ങുന്നതെന്ന് പോലും ഇ.ഡി അറിയിച്ചിട്ടില്ല. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക ജോലി ചെയ്‌ത ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്താൽ പുലിവാലാകുമോ എന്നാണ് പൊലീസിന്റെ ആശങ്ക.
എന്നാൽ വ്യാജരേഖകളിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ റെനീറ്റയെയും അമ്മ മിനിയെയും മാനസികമായി പീഡിപ്പിച്ചെന്ന റെനീറ്റയുടെ അച്ഛൻ പ്രദീപിന്റെ പരാതിക്കുള്ള വിശദീകരണമാണ് തേടിയതെന്നും ഇ.ഡിയുടെ മറുപടിയിൽ ഇക്കാര്യമില്ലെന്നും പൂജപ്പുര പൊലീസ് വ്യക്തമാക്കി.
ഇ.ഡി ഉദ്യോഗസ്ഥർ കുഞ്ഞിനോട് കയർത്ത് സംസാരിച്ചെന്നും ഭക്ഷണവും മുലപ്പാലും നൽകാൻ അനുവദിച്ചില്ലെന്നുമാണ് പ്രദീപിന്റെ പരാതി. ഇതിൽ റെനീറ്റയുടെയും മിനിയുടെയും മൊഴി രേഖപ്പെടുത്തി ഇ.ഡിക്കെതിരെ കേസെടുക്കാനുള്ള ബാലാവകാശ കമ്മിഷന്റെ ഉത്തരവിൽ പൊലീസ് നടപടിയെടുത്തില്ല. കമ്മിഷന്റെ ഉത്തരവ് കിട്ടിയില്ലെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ പറയുന്നത്.
ഇ.ഡി അന്വേഷണം കമ്മിഷന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് വ്യക്തമാക്കിയ കമ്മിഷൻ, നിയമലംഘനം ബോദ്ധ്യപ്പെട്ടാൽ പൊലീസിന് കേസെടുക്കാമെന്ന് ഉത്തരവിട്ട് കൈകഴുകി.
പരാതി അടിസ്ഥാനരഹിതമെന്ന്
റെയ്ഡിനിടെ തന്നെ ബലപ്രയോഗത്തിലൂടെ വീടിനു പുറത്താക്കിയെന്നും മകളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും പ്രദീപ് ഇ.ഡി മേധാവിക്ക് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. റെയ്ഡിനിടെ, മൂത്ത മകളെ കാണണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എല്ലാവരെയും പുറത്തുവിടാനാവില്ലെന്നും ഒരാളെ മാത്രം വിടാമെന്നും നിർദ്ദേശിച്ചപ്പോഴാണ് പ്രദീപ് പുറത്തുപോയത്. പുറത്തുപോകുന്നയാളെ റെയ്ഡ് പൂർത്തിയാകാതെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. വീട്ടിൽ നിന്ന് കണ്ടെടുത്ത സാധനങ്ങളുടെ ലിസ്റ്റ് അടങ്ങിയ മഹസർ ഒപ്പിടാൻ റെനീറ്റയോട് ആവശ്യപ്പെട്ടതല്ലാതെ അവരെ ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ഇ.ഡി മേധാവി സഞ്ജയ് കുമാർ മിശ്രയെ അറിയിച്ചു. റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളെക്കുറിച്ചും, റെയ്ഡിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചും കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഇ.ഡി വ്യക്തമാക്കി.