hands

സ്ത്രീകൾ തങ്ങളുടെ 'പവിത്രത' കാത്തുസൂക്ഷിക്കുക എന്നത് കേരളം ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹങ്ങളിൽ അടുത്ത കാലം വരെ ഏറെ പ്രധാനമായിരുന്നു. അവൾക്ക് വിവാഹപൂർവ ബന്ധങ്ങൾ പാടില്ലെന്നും ഭാവി ഭർത്താവുമായി മാത്രമേ സ്ത്രീക്ക് പ്രണയ, ലൈംഗിക ബന്ധങ്ങൾ പാടുള്ളൂ എന്നും നമ്മുടെ പൊതുബോധം കരുതിയിരുന്നു. അതേസമയം പുരുഷന്മാർക്ക് അത്തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകുന്നതിന് യാതൊരു വിലക്കും നമ്മുടെ സമൂഹം കൽപ്പിച്ചിരിന്നുമില്ല.

എന്ന് മാത്രമല്ല, സമൂഹത്തിലെ പിതൃമേധാവിത്ത വ്യവസ്ഥിതി മൂലം, താൻ വിവാഹം ചെയ്യുന്ന പെൺകുട്ടി കന്യക തന്നെ ആയിരിക്കണമെന്ന ചിന്തയും അവൻ ഉള്ളിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഈ പോസ്റ്റ് ഫെമിനിസ്റ്റ്(ഫെമിനിസ്റ്റാനന്തര) യുഗത്തിൽ, പുതിയ കാലത്തെ പെൺകുട്ടികൾ ഇത്തരം ധാരണകളെ കാറ്റിൽ പറത്തുകയാണ്.

പുരുഷനെ പോലെ തന്നെ തനിക്കും വ്യക്തിപരവും സാമൂഹികപരവും രാഷ്ട്രീയപരവുമായുള്ള അവകാശങ്ങളുണ്ടെന്നും ഒരു ഭാര്യ എന്ന റോളിൽ മാത്രം തന്റെ അവകാശങ്ങൾ ഒതുങ്ങുന്നില്ലെന്നും അവർ ചിന്തിച്ചു തുടങ്ങി. തന്റെ ഇഷ്ടം അനുസരിച്ച് പ്രണയിക്കാനും തനിക്ക് യോജിച്ച പുരുഷനെ സ്വയം തന്നെ കണ്ടെത്താനും അവൾ പുതിയ കാലത്ത് മടി കാട്ടുന്നില്ല. അതുപോലെതന്നെ ഇഷ്ടമില്ലാത്ത നിരാകരിക്കാനും തനിക്ക് അവകാശമുണ്ടെന്ന് സ്ത്രീ മനസിലാക്കുന്നു.

എന്നാൽ ഈ പുരോഗമിച്ച കാലത്തും വിഷലിപ്‌തമായ ആൺബോധത്തിന്റെ പിൻബലത്തോടെ സ്ത്രീക്ക് സമൂഹത്തിലുള്ള അവളുടെ കർത്തവ്യത്തെ ബോധിപ്പിക്കാനും അവൾ എന്തൊക്കെ ചെയ്യണമെന്നും ചെയ്യേണ്ട എന്നും തീരുമാനിക്കാനും ചിലർ ഇറങ്ങിപുറപ്പെടുന്നുണ്ട് എന്നത് ദൗർഭാഗ്യകരം തന്നെയാണ്. എന്നാൽ ഇത്തരക്കാരെ അതിജീവിക്കാനും അവഗണിക്കാനുമുള്ള കരുത്ത് ഇന്നത്തെ പെൺകുട്ടികൾ നേടിക്കഴിഞ്ഞു എന്ന വസ്തുതയാകട്ടെ പ്രതീക്ഷ നൽകുന്ന കാര്യവുമാണ്.