ന്യൂഡൽഹി:അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ-യു.എസ് ബന്ധത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. ഇരു രാജ്യങ്ങളുടെയും ബന്ധത്തിന് ശക്തമായ അടിത്തറയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
"നിങ്ങളെപ്പോലെ ഞങ്ങളും തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്.എനിക്ക് നിങ്ങളോട് പറയാൻ കഴിയുന്നത്, ഇന്ത്യ-യു.എസ് ബന്ധം ശക്തമായ അടിത്തറയിലാണ്, ഞങ്ങളുടെ ബന്ധങ്ങൾ സാദ്ധ്യമായ എല്ലാ മേഖലകളിലും സഹകരണം ഉറപ്പാക്കും. പ്രതിരോധം , നിക്ഷേപം, വ്യാപാരം തുടങ്ങിയ എല്ലാ മേഖലകളിലും ." അനുരാഗ് ശ്രീവാസ്തവ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ-യുഎസ് സമഗ്രമായ ആഗോള പങ്കാളിത്തത്തിന് അമേരിക്കയുടെ ശക്തമായ ഉഭയകക്ഷി പിന്തുണയുണ്ട്, തുടർന്നുള്ള പ്രസിഡന്റുമാരും ഭരണകൂടങ്ങളും ഈ ബന്ധത്തിന്റെ നിലവാരം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. പെൻസിൽവാനിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബിഡൻ കൂടുതൽ വോട്ടുകൾ നേടി മുന്നേറുന്ന സാഹചര്യത്തിലാണ് ശ്രീവാസ്തവ ഇക്കാര്യം പറഞ്ഞത്.
ബൈഡന്റെ വിജയം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുമോ എന്നും ഡെമോക്രാറ്റിക് ഭരണകൂടവുമായി ബന്ധം സ്ഥാപിക്കാൻ മോദി സർക്കാരിന് അധിക ശ്രമം നടത്തേണ്ടതുണ്ടോ തുടങ്ങിയ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുരാഗ് ശ്രീവാസ്തവ.