trump

വാഷിംഗ്ടൺ:അമേരിക്കയിലെ ഡെമോക്രാറ്റിക്ക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബെെഡൻ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെയോട് കൂടി വിജയപ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ മറികടന്ന് പെൻസിൽവേനിയയിലും ജോർജിയയിലും മുന്നേറ്റം ആരംഭിച്ചതിന് പിന്നാലെയാണ് ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുന്നത്.

പെൻസിൽവേനിയയിൽ ഒമ്പതിനായിരത്തിലധികം വോട്ടിന്റെ ലീഡാണ് ബെെഡനുള്ളത്. നിലവിൽ 264 ഇലക്ടറൽ വോട്ട് നേടിയ ബെെഡന പെൻസിൽവേനിയയിൽ കൂടി വിജയിച്ചാൽ 273 വോട്ട് നേടാനാകും. അരിസോണയിലും നെവാഡയിലും ബെെഡൻ ലീഡ് ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വിജയ സാദ്ധ്യത ഏറെയും ജോ ബെെഡനൊപ്പമാണ്. എന്നാൽ 214 ഇലക്ടറൽ വോട്ട് മാത്രം നേടിയ ഡൊണാൾഡ് ട്രംപ് ഇതുവരെ പരാജയം സമ്മതിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്.

അതേസമയം ജോ ബൈഡൻ യു.എസ് പ്രസിഡന്റ് സ്ഥാനമുറപ്പിക്കുകയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വൈറ്റ് ഹൗസിലെ പുതിയ സംഭവങ്ങൾ അത്തരം സൂചനകളാണ് നൽകുന്നത്. ബൈഡന്റെ സ്റ്റേറ്റായ ഡെലവെയറിലേക്ക് കൂടുതൽ സീക്രട്ട് സർവീസ് ഏജന്റുമാരെ നിയോഗിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബൈഡന്റെ വീടിന്റെ പരിസരത്ത് വിമാനങ്ങൾ പറക്കുന്നത് ഉൾപ്പെടെ തടഞ്ഞുകൊണ്ടുള്ള നീക്കവും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതിന് പിന്നാലെ വ്യോമസുരക്ഷയും മേഖലയിൽ ഉറപ്പാക്കിയതായി സി.എന്‍.എൻ റിപ്പോർട്ടു ചെയ്തു.