accused-suicide-attempt

ബാലുശ്ശേരി: ഉണ്ണികുളത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെല്ലിപറമ്പിൽ രതീഷ്(32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസ് സ്‌റ്റേഷന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നേപ്പാൾ സ്വദേശികളായ ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഭർത്താവുമായുള്ള വാക്കു തർക്കത്തെ തുടർന്ന് പെൺകുട്ടികളുടെ അമ്മ നേപ്പാൾ സ്വദേശികൾ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. ഇവരെ അന്വേഷിച്ച് രാത്രി അച്ഛൻ വീട്ടിൽനിന്നുപോയ സമയത്താണ് രതീഷ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

ഈ സമയം രണ്ടും നാലും വയസുള്ള സഹോദരന്മാരും ആറുവയസുകാരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാത്രി പതിനൊന്ന് മണിയോടെ പിതാവ് തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.