kamala-and-mom

പിറന്നുവീണ കുഞ്ഞിനെ ആദ്യം നോക്കിയപ്പോൾ തന്നെ അമ്മ ശ്യാമളാ ഗോപാലന് സാക്ഷാൽ ലക്ഷ്മിദേവിയെയാണ് ഓർമ്മ വന്നത്. മറ്റൊന്നും ചിന്തിച്ചില്ല. 1964 ഒക്ടോബർ 20 ന് കാലിഫോർണിയയിലെ ഓക്‌ലാൻഡിൽ പിറന്ന ഐശ്യര്വ ദേവതയ്ക്ക് അവർ പേരിട്ടു. 'കമലാ ദേവി ഹാരിസ് '. ലക്ഷ്മിയെപ്പോലെ ശക്തയായി വളരട്ടെ എന്നാശംസിച്ചു. (കമലയുടെ അനുജത്തി പിറന്നപ്പോഴും ശ്യാമള തന്റെയുള്ളിലെ ഇന്ത്യൻ സംസ്‌കാരത്തെ മറന്നില്ല. മായാലക്ഷ്മി എന്നവൾക്ക് പേരു നൽകി.)

അമ്മയുടെ വാക്കുകൾ കേട്ട് വളർന്ന കുഞ്ഞ് കമല, അമേരിക്കയുടെ ഭരണതലപ്പത്തെത്തിയ ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയെന്ന ചരിത്രം കുറിച്ചിരിക്കയാണ്. അഭിഭാഷകയാകണമെന്നാഗ്രഹിച്ച് രാഷ്ട്രീയത്തിലെത്തിയ കമലയ്‌ക്ക് ഫ്രഞ്ച് ഫ്രൈസിനൊപ്പം ഇഡ്ഡലിയും സാമ്പാറും ഇഷ്ടമാണ്. അമ്മയെപ്പോലെ ഇന്ത്യൻ സംസ്കാരത്തെയും തമിഴ്നാട്ടിലെ പാരമ്പര്യവേരുകളെയും മനസിൽ കെടാതെ സൂക്ഷിച്ചിട്ടുണ്ടവർ. അതുകൊണ്ട് തന്നെ വെറുതെയിരിക്കുക എന്നൊന്ന് കമലയുടെ നിഘണ്ടുവിലില്ല. ഗവേഷകയായ അമ്മയെപ്പോലെ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നതാണ് ശീലം.

'ചുമ്മാതി​രുന്ന് ഓരോ കാര്യങ്ങളെപ്പറ്റി​ കുറ്റം പറയരുത്. ആ സമയത്ത് എന്തെങ്കി​ലും ചെയ്യാൻ ശ്രമി​ക്കുക" - അമ്മ ശ്യാമള ഗോപാലൻ തനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട ഉപദേശം ഇതായിരുന്നു എന്ന് കമല എഴുതിയിട്ടുണ്ട്.

തിരക്കേറിയ പൊതുപ്രവർത്തനം കമലയ്ക്ക് എന്നും ആവേശമാണ്. വീട്ടുകാര്യങ്ങളിലും വിട്ടുവീഴ്ചയില്ല. പോരാത്തതിന് നിരവധി കൗമാരക്കാരുടെ മെന്റർ കൂടിയാണ്. ഇതിനൊക്കെ വേണ്ട എനർജി ഈ 56കാരിക്ക് എവിടുന്ന് കിട്ടുന്നുവെന്ന് അത്ഭുതം കൂറുന്നവരേറെയാണ്.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിച്ച് സ്വകാര്യ ജീവിതത്തിന്റെ ബാലൻസ് നിലനിറുത്തുന്നതിന് പിന്നിൽ ഒന്നേയുള്ളൂ. കൃത്യമായ ദിനചര്യ. അതിൽതന്നെ രണ്ടു കാര്യങ്ങൾക്കാണ് പ്രധാന്യമെന്ന് കമല പറയുന്നു. 'നന്നായി ഭക്ഷണം കഴിക്കുക, അതിലും നന്നായി വർക്ക്ഔട്ട് ചെയ്യുക.

എല്ലാ ദിവസവും രാവിലെ കമല കൃത്യമായി വ്യായാമം ചെയ്യും. മിക്കവാറും ടി.വി ചാനൽ കണ്ടുകൊണ്ട് ട്രെഡ്മില്ലിൽ നടക്കുകയാണ് പതിവ്. എന്നാൽ സോൾ സൈക്കിൾ ചവിട്ടുന്നതാണ് ഇഷ്ടപ്പെട്ട വ്യായാമം. വീട്ടിനകത്ത് ഘടിപ്പിച്ച സൈക്കിളാണിത്.

തന്റെയടുത്ത് ഉപദേശം തേടിയെത്തുന്ന കോളേജ് വിദ്യാർത്ഥികളോട് കമല ഊന്നി പറയും.

'നിങ്ങളെല്ലാവരും വർക്ക് ഔട്ട് ചെയ്യണം. നിങ്ങളുടെ ഭാരം കുറയ്‌ക്കുന്നതിനല്ല. നിങ്ങളുടെ മനസന്തോഷത്തിന്. '

അതേപോലെ നന്നായി ഭക്ഷണം കഴിക്കാനും കമല ഉപദേശിക്കും. 'നിങ്ങളുടെ ഭക്ഷണം നന്നായി ആസ്വദിക്കൂ. അത്രമേൽ സന്തോഷം മറ്റൊന്നുമില്ല.'

ഭക്ഷണപ്രിയ മാത്രമല്ല, നല്ലൊരു പാചകക്കാരി കൂടിയാണ് കമലയെന്ന് ഭർത്താവ് ഡഗ്ളസ് പറയും. ഭാര്യ പാകംചെയ്ത ഫ്രഞ്ച് ഫ്രൈസിന്റെ ചിത്രം ട്വീറ്റ് ചെയ്ത ഡഗ്ളസിന് ആയിരക്കണക്കിന് ലൈക്ക് ലഭിച്ചിരുന്നു. രണ്ടുപേരും ചേർന്നാണ് വീട്ടിൽ പാചകമെന്നാണ് ഡഗ്ളസ് പറയുന്നത്.

'കമലയ്ക്ക് ഭക്ഷണമുണ്ടാക്കാൻ ഇഷ്ടമാണ്. ഉള്ളി അരിയുമ്പോൾ കണ്ണെരിയാതിരിക്കാൻ ഗോഗിൾസ് വയ്ക്കുന്ന കമലയെ എനിക്കിഷ്ടമാണ്. പാചക സമയത്താണ് ഞങ്ങൾ തമാശ കാട്ടുന്നത്. ഒത്തിരി സമ്മർദ്ദമുണ്ടാകുന്ന സമയത്ത് കമല പാചകം ചെയ്യും. നല്ല റെസിപ്പീസ് അവൾക്ക് റിലാക്സേഷനാണ്.'- ഡഗ്ളസ് പറഞ്ഞു.

മക്കളുടെ എസ് - മാമല, ഡഗ്ളസിന്റേയും

തിരക്കേറിയ പൊതുപ്രവർത്തനത്തിനൊപ്പം വീട്ടുകാര്യം ശ്രദ്ധിക്കാനും കമല സമയം കണ്ടെത്തുന്നുണ്ട്. കുട്ടികളെന്നാലവർക്ക് ജീവനാണ്. 2014ൽ അഭിഭാഷകനും ജൂത വംശജനുമായ ഡഗ്ളസ് എം ഹോഫിനെ പ്രണയിച്ച് വിവാഹം കഴിക്കുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടു മക്കളും കമലയുടെ ജീവിതത്തിന്റെ ഭാഗമായി. എല്ലയും കോളിയും ചെറിയമ്മയെ സ്നേഹത്തോടെ 'എസ് - മാമല' എന്നാണ് വിളിക്കുന്നത്. ഇതൊരു യിദ്ദിഷ് വാക്കാണ്. 'ചെറിയമ്മ" എന്നാണ് അർത്ഥം. കുട്ടികളുടെ വിളി ഡഗ്ളസും ഏറ്റെടുത്തു. സ്നേഹം കൂടുമ്പോൾ മാമലയെന്ന ചെല്ലപ്പേരിലാണ് കമലയെ വിളിക്കുക.

മുത്തശ്ശന്റെ പോരാളി

അമ്മയുടെ തീവ്രരാഷ്ട്രീയ നിലപാടുകൾ പിന്തുടരുന്ന കമലയുടെ രാഷ്ട്രീയഗുരു മുത്തച്ഛനാണ്. സമത്വത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം കമല പഠിച്ചത് അമ്മ ശ്യാമളയുടെ പിതാവ് പി.വി ഗോപാലനിൽ നിന്നാണ്. ദക്ഷിണ ചെന്നൈയിലുള്ള പൈങ്കനാട്ടിലാണ് ഗോപാലൻ ജനിച്ചത്. ഭാര്യ രാജം. നാലുമക്കളിൽ മൂത്തത് ശ്യാമള. സ്റ്റെനോഗ്രാഫറായിരുന്ന ഗോപാലൻ ന്യൂഡൽഹിയിലും മുംബയിലും കൊൽക്കത്തയിലും ജോലി നോക്കി. ഒടുവിൽ സിവിൽ സർവീസ് നേടി. കൊളോണിയൽ കാലഘട്ടത്തിന് ശേഷം റൊഡേഷ്യയിൽ (സിംബാബ്‌വെയുടെ പഴയ പേര് ) നിന്നുള്ള അഭയാർത്ഥികളുടെ വരവ് കൈകാര്യം ചെയ്യുന്നതിന് സാംബിയയെ സഹായിക്കാൻ ഇന്ത്യ നിയോഗിച്ച ഉദ്യോഗസ്ഥനായി. ടെലിഫോൺ പോലുമില്ലാത്ത ആ കാലത്ത് മക്കളുടെ അഭിരുചികൾ അറിഞ്ഞ് വളർത്താൻ ഗോപാലനും രാജവും മുൻകൈ എടുത്തു.

ശ്യാമളയുടെ സഹോദരനായ ബാലചന്ദ്രൻ വിസ്കോൻസിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്‌സിലും കമ്പ്യൂട്ടർ സയൻസിലും പി.എച്ച്.ഡി എടുത്തു. മെക്‌സിക്കൻ വനിതയെ വിവാഹം ചെയ്തു.

ശ്യാമളയാകട്ടെ, ഇർവിൻ കോളജിൽ ഹോം സയൻസ് പഠിച്ചു. പിന്നീട് ബെർക്ക്ലിയിൽ ഉന്നതപഠനം നടത്തി. കറുത്തവർഗക്കാരുടെ അവകാശ പോരാട്ടത്തിനിടെയാണ് ജമൈക്കൻ വിദ്യാർത്ഥിയായിരുന്ന ഡൊണാൾഡ് ഹാരിസിനെ പരിചയപ്പെടുന്നത്. 1963ൽ വിവാഹിതരായി. വിവാഹം ഇന്ത്യയിൽ നടത്തിയില്ലെന്ന് പറഞ്ഞ് ശ്യാമളയുടെ കുടുംബത്തിൽ നിന്നാരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് ശ്യാമളയും ഡൊണാൾഡും മക്കളായ കമലയ്ക്കും മായയ്ക്കും ഒപ്പം സാംബിയയിൽ എത്തി പിതാവ് പി.വി.ഗോപാലനെ കണ്ടു. 1970ൽ ശ്യാമളയും ഹാരിസും വിവാഹമോചിതരായി. അതിനുശേഷം മക്കളുമായി നിരന്തരം ഇന്ത്യയിൽ എത്തിയിരുന്നു ശ്യാമള.

ഇന്ത്യൻ സംസ്‌കാരത്തെ വിലമതിക്കുന്നവരായാണ് കമലയേയും സഹോദരിയേയും ശ്യാമള വളർത്തിയത്. സ്‌നേഹവും ദേഷ്യവും അമ്മ പ്രകടിപ്പിച്ചിരുന്നത് തമിഴിലായിരുന്നു. 2009 ലാണ് ശ്യാമള ഗോപാലൻ മരിച്ചത്. ശേഷവും തമിഴ്‌നാട്ടിലുള്ള മുത്തച്ഛനെയും മുത്തശ്ശിയെയും ബന്ധുക്കളെയും കമലയും സഹോദരി മായയും സന്ദർശിക്കാറുണ്ടായിരുന്നു.