believers-church

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് പണമിടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കുക. ബിലീവേഴ്‌സ് ചർച്ചിന് മറവിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

കഴിഞ്ഞ 48 മണിക്കൂറിനിടെ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത എട്ട് കോടിയോളം രൂപയാണ്. ബിലീവേഴ്‌സ് ചർച്ചിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കും. ആദായ നികുതി വകുപ്പിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു.

ചാരിറ്റിക്ക് എത്തിയ പണം ബിലീവേഴ്‌സ് ചർച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 6000 കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു.

കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്ന സംഘത്തിലുണ്ട്.