കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെ വിമർശിച്ചും പ്രത്യേക കോടതി ജഡ്‌ജി ഹണി എം വർഗീസിനെ പിന്തുണച്ചും റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ. പ്രോസിക്യൂഷൻ പറയുന്നത് പോലെയല്ല കേസ് നടത്തേണ്ടതെന്നും ഇപ്പോൾ പ്രോസിക്യൂഷൻ പറഞ്ഞ് കൊടുപ്പിച്ചതാണ് ഹൈക്കോടതിയിലുളള ഇരയുടെ കേസെന്നും കെമാൽ പാഷ കുറ്റപ്പെടുത്തുന്നു.
ദിലീപ് കുറ്റക്കാരനാണെങ്കിൽ തെളിവുണ്ടെങ്കിൽ ശിക്ഷിക്കണം. തെളിവുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നമായി ഉയർത്തുന്നത്. അതെഴുതിയില്ല, ഇതെഴുതിയില്ല എന്നതൊക്കെയാണ്. കോടതി എഴുതാൻ പാടില്ലാത്തതിനാലാണ് അവയൊന്നും ജഡ്‌ജി എഴുതാതിരുന്നത്. ഒരു ജുഡീഷ്യൽ ഓഫീസർക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതാണ് പ്രശ്‌നം. ഒരു ജുഡിഷ്യൽ ഓഫീസറെ ഇങ്ങനെ പറയുന്നത് വളരെ തെറ്റാണ്. കോടതിയെ അവിശ്വസിക്കുന്ന നടപടിയാണിത്. ഹൈക്കോടതി അത് കേട്ടുകൊണ്ടിരിക്കുന്നത് അത്ഭുതമാണെന്നും കെമാൽ പാഷ മലയാള മനോരമയോട് പറഞ്ഞു.
അത് ഒരിക്കലും തെളിവാകില്ല
ഏതോ സെറ്റിൽ വച്ച് ഇരയാക്കപ്പെട്ട നടിയെക്കുറിച്ച് ‘അവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും’ എന്ന് ദിലീപ് ആരോടോ പറഞ്ഞത് കേട്ടെന്ന് ഒരു നടി പറഞ്ഞതായാണ് ഇരയുടെ ഒരു മൊഴി. അത് കോടതി എഴുതിയില്ല എന്നതാണ് ഒരു ആക്ഷേപം. ഇത് ഒരു ജഡ്‌ജിയാണ് കേട്ടുകൊണ്ടിരിക്കുന്നത് എന്നതിൽ അത്ഭുതം തോന്നുന്നു. ഇത് കേട്ടുകേൾവിയാണ്, തെളിവാകില്ല. നേരിട്ട് ഇരയോട് ‘നിന്നെ ഞാൻ കത്തിക്കും’ എന്ന് പറഞ്ഞാൽ അത് തെളിവാണ്. മറ്റൊരാൾ പറഞ്ഞത് ആരോടോ പറയുന്നത് കേട്ടു എന്നതാണ് ഇവിടെ. ഇത് ഒരിക്കലും റെക്കോർഡ് ചെയ്യാൻ പാടില്ലാത്തതാണെന്ന് കെമാൽ പാഷ ചൂണ്ടിക്കാട്ടുന്നു.
അവരെ ഇറക്കി വിടാനാകില്ല
ഫോറൻസിക് റിപ്പോർട്ട് വിളിച്ച് ചോദിച്ചു എന്നതാണ് ജഡ്‌ജിക്കെതിരെ ഉയർത്തിയ ഒരു ആരോപണം. ഇത്തരത്തിൽ ഒരു റിപ്പോർട്ട് വന്നില്ലെങ്കിൽ ചോദിക്കാൻ കോടതിക്ക് അധികാരമുണ്ട്. വിളിച്ച് ചോദിച്ചതിൽ നിയമപരമായി ഒരു അപാകതയുമില്ല. ഇരയെ വിസ്‌തരിക്കുമ്പോൾ ഇരുപതിൽ പരം അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നു എന്നതാണ് കോടതി മാറ്റുന്നതിന് ആവശ്യപ്പെട്ട് ഉയർത്തിയ ഒരു ആരോപണം. ഈ കേസിൽ എത്ര പ്രതികളുണ്ടെന്ന് നോക്കണം. അവർക്കെല്ലാം കുറഞ്ഞത് ഓരോ അഭിഭാഷകനെങ്കിലുമുണ്ട്. അവർക്കെല്ലാം കോടതിയിൽ വിസ്‌താരം കേൾക്കേണ്ടതുണ്ട്. ഇര പറയുന്നത് കേൾക്കണ്ടതുണ്ട്. അവരെ ഇറക്കിവിടാനാവില്ല. അതിൽ ഒരു തെറ്റുമില്ല എന്നതാണ് വസ്‌തുത.
ഇത്രയും നാൾ എവിടെ പോയിരുന്നു?
നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തപ്പോൾ രേഖപ്പെടുത്തിയില്ലെന്നതാണ് മറ്റൊരു ആരോപണം. അവരുടെ മൊഴിയെടുത്തിട്ട് ആറു മാസം കഴിഞ്ഞതാണ്. അതുപോലെ മറ്റൊരു സാക്ഷിയുടെ മൊഴിയെടുത്തിട്ട് എട്ടു മാസമായി. ഇത്രയും നാൾ മിണ്ടാതിരുന്നിട്ടാണ് ഇപ്പോൾ ആരോപണവുമായി എത്തുന്നത്. ഒക്കാത്ത കാര്യങ്ങളും തെളിവില്ലാത്ത കാര്യങ്ങളും കാണുമ്പോൾ ഇതെന്താണെന്ന് ജഡ്‌ജി ചോദിച്ചെന്നിരിക്കും. അത് കോടതി നടപടിയാണ്.
അന്തസായ പെരുമാറ്റം, കളളത്തരം ചെയ്യില്ല
ആരോപണ വിധേയയായിട്ടുളള വനിതാ ജഡ്‌ജി ഹണി മൂന്നു വർഷം മുമ്പു വരെ നേരിട്ട് പരിചയമുളള വ്യക്തിയാണ്. തൃശൂർ ജില്ലാ ജഡ്‌ജി ആയിരിക്കെ കോടതിയിൽ അഡീഷണൽ പ്രോസിക്യൂട്ടറായി വരികയും മുമ്പിൽ ഒരുപാട് കേസ് നടത്തുകയും ചെയ്തിട്ടുണ്ട്. അന്തസായ പെരുമാറ്റമാണ് ഇവരുടേത് എന്നു മാത്രമല്ല, ഞാൻ അറിയുന്ന വ്യക്തി എന്ന നിലയിൽ കളളത്തരം ചെയ്യുന്ന ആളല്ല. ആവശ്യമില്ലാതെ കോടതിയിൽ എന്തെങ്കിലും പറഞ്ഞാൽ തെറ്റെന്ന് പറയാൻ ആർജവമുള്ള ജഡ്‌ജിയാണവർ. അങ്ങനെ ഭാഗം ചേരുന്ന ഒരാളല്ല ഈ ജഡ്‌ജി എന്ന് നേരിട്ടറിയാം. കോടതിയിൽ ഇത്തരം അനാവശ്യം വിളിച്ചു പറഞ്ഞാൽ ഇവർ ആരോടും പറയാനാവാത്ത നിസഹായാവസ്ഥയിലാകും. ഇവരുടെ അടുത്ത് കേസ് നേരെ ചൊവ്വേ പോകുമെന്ന് ഉറപ്പാണ്. ഒരു ജുഡീഷ്യൽ ഓഫിസറെ ആക്ഷേപിക്കും വിധത്തിൽ എഴുതിക്കൊടുക്കാനോ അതിനെ പ്രോത്സാഹിപ്പിക്കാനോ പാടില്ല.