മെക്‌സിക്കോ സിറ്റി: പ്രമുഖ ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല അവരുടെ പുതിയ മെക്‌സിക്കൻ മദ്യം പുറത്തിറക്കി. മെക്സിക്കോയുടെ തനത് മദ്യമായ ടെക്വിലയാണ് ടെസ്‌ല പുറത്തിറക്കിയിരിക്കുന്നത്. മുൻപ് 2018 ഏപ്രിൽ ഒന്നിന് തങ്ങളുടെ ടെക്വില ആയ 'ടെസ്‌ലക്വില'യെ കുറിച്ച് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ അത് തമാശയാണെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്.
എന്നാലിപ്പോൾ മിന്നൽ ആകൃതിയുളള പ്രത്യേക രൂപത്തിലുളള കുപ്പിയിൽ 'ടെസ്‌ല ടെക്വില' പുറത്തിറക്കിയിരിക്കയാണ്. ഒരു കുപ്പിക്ക് 250 ഡോളർ വിലയിട്ടിരുന്ന ടെക്വില നിമിഷ നേരം കൊണ്ട് സ്‌റ്റോക്ക് തീർന്നു.
മുൻപ് ഇലോൺ മസ്‌ക് 'ടെസ്‌ലക്വില' എന്ന് പേര് നൽകി മദ്യത്തിന് ട്രേഡ് മാർക്ക് ചെയ്യാൻ ഉദ്ദേശിച്ചെങ്കിലും മെക്‌സിക്കോയിലെ ടെക്വില നിർമ്മാതാക്കൾ എതിർത്തതിനാൽ അതിന് സാധിച്ചില്ല. മെക്‌സിക്കോയിലെ ടെക്വില റെഗുലേറ്ററി കൗൺസിൽ ടെസ്‌ലക്വില എന്ന വാക്ക് ടെക്വില എന്ന സംരക്ഷിക്കപ്പെട്ട പേരിനെ ഓർമ്മിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു, മെക്‌സിക്കോയിലെ പ്രമുഖ ടെക്വില നിർമ്മാതാക്കളായ 'ഡെസ്‌റ്റിലഡോറ ഡെൽ വല്ലി ഡെ ടെക്വില' ആണ് ടെസ്‌ലയ്‌ക്ക് വേണ്ടി ടെക്വില നിർമ്മിക്കുക. അമേരിക്കൻ നഗരങ്ങളായ ന്യൂയോർക്ക്, കാലിഫോർണിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ മാത്രമേ ഈ മദ്യം ലഭിക്കുകയുളളു.