khamarudeen

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രതിയായ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസർകോട് എസ്.പി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഫാഷൻ ഗോൾഡ് ചെയർമാനാണ് കമറുദ്ദീൻ. ഇതുവരെ 115 കേസുകളാണ് ഫാഷൻ ഗോൾഡുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌തിട്ടുള‌ളത്. എ.എസ്. പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

മുൻപ് കേസിൽ നിക്ഷേപകരുടെ പണം തിരികെ നൽകാൻ മുസ്ലീംലീഗ് യോഗം ചേർന്ന് തീരുമാനമായിരുന്നു. കല്ലട മാഹീൻഹാജിയെ ഇതിന് മദ്ധ്യസ്ഥനായും തീരുമാനിച്ചിരുന്നു. എന്നാൽ നിക്ഷേപമെല്ലാം കമറുദ്ദീൻ ചിലവഴിക്കുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും ആ വസ്‌തു മറിച്ചുവി‌റ്റതായും കണ്ടെത്തി. കമറുദ്ദീന്റെ കേസ് വഞ്ചനയല്ലെന്ന് അതുവരെ പറഞ്ഞിരുന്ന യുഡിഎഫ് തുടർന്ന് കമറുദ്ദീനെ തള‌ളിപ്പറഞ്ഞിരുന്നു. ഒരു പൊതുപ്രവർത്തകന് വേണ്ട ജാഗ്രത ഇടപാടിൽ കമറുദ്ദീൻ പുലർത്തിയിരുന്നില്ല എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കമറുദ്ദീനെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്ധ്യസ്ഥനായിരുന്ന കല്ലട മാഹീൻഹാജിയെയും ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളെയും അന്വേഷണ സംഘം മുൻപ് ചോദ്യം ചെയ്‌തിരുന്നു. മാഹീൻ ഹാജിയെ മൂന്ന് മണിക്കൂറും പൂക്കോയ തങ്ങളെ ഒൻപത് മണിക്കൂറോളവുമാണ് ചോദ്യം ചെയ്‌തത്. ഇവർ നൽകിയ മൊഴിയിലെ വൈരുദ്ധ്യം അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് വിവരം.