കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പോര് മുറുകുന്നതിനിടെ കോഴിക്കോട് കോൺഗ്രസിൽ നേതാവിന്റെ രഹസ്യബന്ധം പുറത്തുവിടുമെന്ന വനിതാ നേതാവിന്റെ ഭീഷണി പാർട്ടിക്ക് തലവേദനയാകുന്നു. കോഴിക്കോട്ടെ പ്രമുഖ നേതാവിനെതിരെയാണ് വനിതാ നേതാവിന്റെ ഓഡിയോ സന്ദേശം. ജില്ലയിലെ പ്രമുഖനേതാവിന് അയച്ച ഓഡിയോ ക്ലിപ്പ് കോൺഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രുപ്പുകളിലൂടെയാണ് പ്രചരിക്കുന്നത്.
ജില്ലയിൽ സീറ്റിന് വേണ്ടി ഇരുഗ്രൂപ്പുകളും തമ്മിൽ പിടിവലി നടക്കുന്നതിനിടെയാണ് ഐ ഗ്രൂപ്പിലെ നേതാക്കൾ തമ്മിൽ തർക്കവും ഭീഷണിയുമുണ്ടായത്. ഇതേ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്ന് ആരോപണ വിധേയനായ നേതാവ് രാജിവയ്‌ക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധം കാരണമാണ് വനിതാ നേതാവിന്റെ പ്രതികരണമെന്നും അവർ ഖേദം അറിയിച്ചതായും ആരോപണവവിധേയനായ നേതാവ് പറയുന്നു.
കോഴിക്കോട് എൽ ഡി എഫ് സ്ഥാനാർത്ഥി നിർണയം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. എന്നാൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അതിനിടയിലാണ് പുതിയ തലവേദനയായി ഓഡിയോ ക്ലിപ്പ് പുറത്തായത്. ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം എങ്ങുമെത്താതെ ഇഴയുകയാണ്.