അതിസാഹസിക കഥാപാത്രമായ ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സർ ഷോൺ കോണറി (90) അന്തരിച്ചത് കഴിഞ്ഞയാഴ്ചയാണ്.
അഞ്ച് ദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ഒരു ഓസ്കാർ, മൂന്ന് ഗോൾഡൻ ഗ്ലോബ്, രണ്ട് ബാഫ്ത അടക്കം നിരവധി പുരസ്കാരങ്ങൾ നേടി. ലിലക്ക്സ് ഇൻ ദ് സ്പ്രിംഗ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം 1962ൽ പുറത്തിറങ്ങിയ ഡോക്ടർ നോ എന്ന ചിത്രത്തിലാണ് ആദ്യമായി ബോണ്ടിനെ അവതരിപ്പിക്കുന്നത്.
കോണറി നായകനായ മറ്റു ബോണ്ട് സിനിമകൾ: ഫ്രം റഷ്യ വിത് ലവ് (1963), ഗോൾഡ് ഫിങ്കർ (1964), തണ്ടർബാൾ (1965), യൂ ഒൺലി ലിവ് ട്വയ്സ് (1967) ഡയമണ്ട്സ് ഫോർ എവർ (1971). നെവർ സേ നെവർ എഗെയ്ൻ (1983).പിന്നീട്, നിരവധി നടന്മാർ ബോണ്ടായി എത്തിയെങ്കിലും ഷോണിനെ വെല്ലാൻ അവർക്കാർക്കും ആയില്ലെന്നതാണ് യാഥാർത്ഥ്യം. ബോണ്ട് ചിത്രങ്ങൾക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബർ, ഇൻഡ്യാന ജോൺസ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സ്കോട്ലൻഡിലെ എഡിൻബറയിൽ 1930 ഓഗസ്റ്റ് 25നു ഫാക്ടറിത്തൊഴിലാളിയുടെ മകനായി ജനിച്ചു. 13 –ാം വയസിൽ സ്കൂൾ വിട്ട ഷോൺ കോണറി പാൽ വിറ്റാണു ജീവിതമാരംഭിച്ചത്. 16 -ാം വയസിൽ നേവിയിൽ ചേർന്നു. മൂന്ന് വർഷത്തിനുശേഷം അസുഖം മൂലം സേന വിടുമ്പോൾ കോണറിയുടെ ദേഹത്ത് ‘ എന്നുമെന്നും സ്കോട്ലൻഡ് ’ എന്നു പച്ചകുത്തിയിരുന്നു.
ന്യൂസിലൻഡിൽ മലയാളി മന്ത്രി
ന്യൂസിലൻഡ് മന്ത്രിസഭയിൽ അംഗമാവുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയുമായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ. എറണാകുളം വടക്കൻ പറവൂർ സ്വദേശി രാധാകൃഷ്ണന്റെയും തൃശൂർ സ്വദേശി പരേതയായ ഉഷയുടെയും മകളാണ് ഈ നാല്പത്തൊന്നുകാരി. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേണിന്റെ ഉറ്റസുഹൃത്തായ പ്രിയങ്ക രണ്ടാംവട്ടം എം.പിയായതോടെയാണ് മന്ത്രിസ്ഥാനത്ത് എത്തിയത്. പിതാവ് മുപ്പതുവർഷം ജോലി നോക്കിയ സിംഗപ്പൂരിൽ നിന്നാണ് ഉന്നത പഠനത്തിനായി 2004ൽ ന്യൂസിലൻഡിൽ എത്തിയത്. മാസ്റ്റർ ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസിന് പഠിക്കവേ വെല്ലിഗ്ടൺ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർത്ഥികളുടെ നേതാവായി പൊതുരംഗത്തിറങ്ങി. ലേബർ പാർട്ടിയുടെ സജീവപ്രവർത്തകയായിട്ട് പതിനഞ്ച് വർഷമായി.
നേതൃപാടവം പ്രകടമാക്കിയ പ്രിയങ്ക ലേബർ പാർട്ടിയുടെ നയരൂപീകരണ കമ്മിറ്റി അംഗമായും പാർട്ടിയിലെ ഉപദേശകയായും മാറി.
ഓക്ലാൻഡിലെ മൊംഗാകീകി മണ്ഡലത്തിലെ എം.പിയാണ്. ഭർത്താവ് റിച്ചാർഡ്സൺ ഐ.ടി പ്രൊഫഷണലാണ്. പിതാവ് ചെന്നൈയിലാണ് ഇപ്പോഴും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രിയങ്കയുടെ മാതാവ് ഉഷ നിര്യാതയായത്. മരണാനന്തര ചടങ്ങുകൾക്ക് പ്രിയങ്ക എത്തിയിരുന്നു.
സെനറ്റിലെ ആദ്യ ട്രാൻസ്ജെൻഡർ
അമേരിക്കയിൽ സംസ്ഥാന സെനറ്റുകളേതിലെങ്കിലും അംഗമാകുന്ന ആദ്യ ട്രാൻസ്ജെൻഡറായ വ്യക്തിയെന്ന വിശേഷണം ഡെമോക്രാറ്റ് സാറ മക്ബ്രൈഡിന് സ്വന്തം. ഡെലവെയർ സംസ്ഥാനത്തെ സെനറ്റ് തിരഞ്ഞെടുപ്പിലാണു സാറ ജയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ സ്റ്റീവ് വാഷിംഗ്ടനായിരുന്നു എതിരാളി.