തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ കൊവിഡ് സ്റ്റെപ്പ് കിയോസ്‌കുകൾ സ്ഥാപിക്കാനൊരുങ്ങി ജില്ലാഭരണകൂടം. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 25 സ്ഥലങ്ങളിലാണ് കിയോസ്‌കുകൾ സ്ഥാപിക്കുക. ജില്ലയിലെ ആദ്യ കിയോസ്‌ക് ഏറ്റവും തിരക്കേറിയ തമ്പാനൂരിൽ ജില്ലാഭരണകൂടം സ്ഥാപിച്ചിരുന്നു.
ആദ്യഘട്ടത്തിൽ 16 കിയോസ്കുകൾ
ഒന്നാം ഘട്ടത്തിൽ 16 കിയോസ്‌കുകളാണ് ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ ഒമ്പത് കിയോസ്കുകൾ കൂടി ആരംഭിക്കും. ഓരോ ഉപയോഗത്തിന് ശേഷവും കിയോസ്കുകൾ അണുവിമുക്തമാക്കും. ആശുപത്രി വളപ്പിൽ സ്ഥാപിക്കുന്ന കിയോസ്‌കുകൾക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
10 മുതൽ 5 വരെ
രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും കിയോസ്കുകൾ പ്രവർത്തിക്കുക. ഒരു മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ലാബ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരാണ് കിയോസ്കിൽ ഉണ്ടാവുക. മെഡിക്കൽ ഓഫീസറുടെ അഭാവത്തിൽ സ്റ്റാഫ് നഴ്സ് ആയിരിക്കും സാമ്പിൾ ശേഖരിക്കുന്നതിന് നേതൃത്വം നൽകുക. ഒരു ലക്ഷം രൂപയാണ് ഒരു കിയോസ്കിനായി ചെലവിടുന്നത്. കിയോസ്‌കുകൾ സ്ഥാപിക്കുന്നതിനായി സന്നദ്ധരാകുന്ന സ്വകാര്യ വ്യക്തികളെയും സ്ഥലവും ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തും. കിയോസ്കുകൾ പ്രവർത്തിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച കൂടുതൽ ജീവനക്കാരെയും നിയോഗിക്കും.
പൊതു- സ്വകാര്യ പങ്കാളിത്തം
ഇനി സ്ഥാപിക്കുന്ന കിയോസ്കുകൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ആരംഭിക്കുക. നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ട് കൂടി ഉപയോഗിച്ചാണ് കിയോസ്കുകൾ ഒരുക്കുക. ഇതിൽ ആദ്യത്തേത് ജനറൽ ആശുപത്രി വളപ്പിലാണ് സ്ഥാപിക്കുന്നത്. ഈ കിയോസ്‌ക് തന്നെ ആശുപത്രിയിലെ നെഗറ്റീവാകുന്ന രോഗികളുടെ ആന്റിജൻ പരിശോധനയ്ക്ക് ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൊബൈൽ കിയോസ്കുകൾ ഒരുക്കുന്നതിനും ആലോചനയുണ്ടെന്ന് ജില്ലാമെഡിക്കൽ ഓഫീസർ കെ.എസ്.ഷിനു പറഞ്ഞു.
കൊവിഡ് പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് എത്താൻ ജനങ്ങൾ വൈമനസ്യം കാണിക്കുന്നതിനെ തുടർന്നാണ് കൊവിഡ് കിയോസ്‌കുകളെ കുറിച്ച് ആലോചിച്ചതെന്ന് ഡി.എം.ഒ പറഞ്ഞു. കിയോസ്‌കുകൾ സ്ഥാപിക്കുന്നതിലൂടെ ജനങ്ങളിൽ അവബോധത്തിനും സ്വയം പരിശോധനയ്ക്ക് ആളുകൾ തന്നെ തയ്യാറാകുന്നതിനും ഉപകരിക്കുമെന്നും ഡി.എം.ഒ ചൂണ്ടിക്കാട്ടി.