ahalya

ഗോപിക അഹല്യ എന്നീ പെൺകുട്ടികൾ കേരളത്തിന് ഒന്നാകെ അഭിമാനമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഓൺ​ലൈനായി​ നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഈ മിടുക്കികൾ കരസ്ഥമാക്കി. കളരിപ്പയറ്റ് 'ചുവട്' മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളാണ് ഇവർ കരസ്ഥമാക്കിയത്.

സബ്‌ജൂനിയർ വിഭാഗത്തിൽ ഗോപിക ഗോൾഡ് മെഡൽ നേടിയപ്പോൾ, സീനിയർ വിഭാഗത്തിൽ അഹല്യ വെള്ളി മെഡൽ നേടി. ഇപ്പോഴിതാ കളരി തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ബികോം വിദ്യാർത്ഥിനിയായ അഹല്യ.

'എന്നെ സംബന്ധിച്ചിടത്തോളം കളരിയിൽ വരണമെന്ന് ഞാൻ ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. പ്ലസ്ടു കഴിഞ്ഞ സമയത്ത് അച്ഛൻ കൊണ്ടുപോയി ചേർത്തതാണ് കളരിയിൽ.ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന വെല്ലുവിളികൾ മുന്നിൽ കണ്ടുകൊണ്ടാകണം എന്നെ കളരിയിൽ ചേർത്തത്.

കളരിയിൽ വരുന്നതിന് മുമ്പ് എനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നു. ആളുകളുടെ മുന്നിൽ പോയി സംസാരിക്കാനൊക്കെ പേടിയായിരുന്നു. ഇടുങ്ങിയ ചിന്താഗതിക്കാരിയെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. പക്ഷേ കളരിയിൽ വന്നതിന് ശേഷം ഭയങ്കര മാറ്റമുണ്ടായി. എന്റെ കോൺഫിഡൻസ് ലെവൽ കൂടിയതായി എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. സ്വന്തമായി തീരുമാനം എടുക്കാൻ എനിക്കിപ്പോൾ പറ്റും.'-അഹല്യ പറഞ്ഞു.

ഗോപികയും അഹല്യയും നേമം ധന്വന്തരി കളരിയിലെ സംഘാംഗങ്ങളാണ്. 200 ൽ പരം വർഷങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള ധന്വന്തരി കളരി മുൻപും സംസ്ഥാന കളരിപ്പയറ്റ് ചാംപ്യൻഷിപ്പുകളിൽ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പ്രശസ്ത കളരി ഗുരുക്കളും സംവിധായകനുമായ ഡോ. എസ് മഹേഷാണ് ധന്വന്തരി കളരിയുടെ നേതൃത്വം വഹിക്കുന്നത്.

ധന്വന്തരി കളരിയിലെ 'അഗസ്ത്യം' സംഘാംഗങ്ങൾ ഒരുക്കിയ ദുർഗ്ഗയുടെ ഒമ്പത് ഭാവങ്ങൾ കളരിപ്പയറ്റുമായി സമന്വയിപ്പിച്ചു അവതരിപ്പിച്ച 'നവദുർഗ്ഗ ചിത്രസാക്ഷാത്കാരം'ഇക്കഴിഞ്ഞ നവരാത്രി ദിനങ്ങളിൽ ഒട്ടേറെ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. നേരിട്ടും ഓൺലൈൻ ആയും ഭാരതത്തിനു അകത്തും പുറത്തുമുള്ള നിരവധി പേർ ധന്വന്തരി കളരിയിൽ അഭ്യസിക്കുന്നുണ്ട്.