fire-cracker

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പടക്കങ്ങൾ നിരോധിച്ച വിവിധ സർക്കാരുകളുടെ തീരുമാനത്തിനെതികെ ആർ.എസ്.എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗ്രൺ മഞ്ജ്. തീരുമാനം ശരിയായില്ലെന്നും പൂർണമായും പടക്കങ്ങൾ നിരോധിക്കുന്ന തെ‌റ്റായ പ്രചാരണവേല ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നതായി സംഘടനയുടെ ദേശീയ കൺവീനർ ഡോ.അശ്വനി മഹാജൻ അറിയിച്ചു.

വസ്‌തുതാപരമായ വിവരങ്ങൾ ശേഖരിക്കാതെ സർക്കാരുകൾ പടക്കങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത് അനുയോജ്യമായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്‌ത് വരുന്ന പടക്കങ്ങളാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനീസ് പടക്കങ്ങളിൽ പൊട്ടാസ്യം നൈ‌ട്രേ‌റ്റും സൾഫറും തമ്മിൽ കലർത്തുന്നു. എന്നാൽ ഇന്ത്യയിൽ നിർമ്മിക്കുന്ന മാലിന്യ രഹിത പടക്കങ്ങളിൽ ഇവ ചേർക്കുന്നില്ല. ഉള‌ളവയിൽ തന്നെ അളവ് കുറവാണ്.

ഇന്ത്യൻ പടക്കങ്ങൾക്ക് അംഗീകാരമുണ്ടെന്നും 30 ശതമാനം കുറവ് മലിനീകരണമേ ഇവ സൃഷ്‌ടിക്കുന്നുള‌ളുവെന്നും ഡോ.മഹാജൻ വാദിച്ചു. ചൈനീസ് പടക്കങ്ങൾ ഇന്ത്യ നിരോധിച്ച സ്ഥിതിക്ക് മുഴുവൻ പടക്കങ്ങളും നിരോധിച്ച നടപടി തെ‌റ്റാണെന്നും മഹാജൻ പറഞ്ഞു.പത്ത് ലക്ഷത്തോളം പേരുടെ ജീവിതമാർഗമാണ് ഇതിലൂടെ ബുദ്ധിമുട്ടിലാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനം പിൻവലിക്കണമെന്ന് വിവിധ സംസ്ഥാന സർക്കാരുകളോട് സ്വദേശി ജാഗരൺ മഞ്ജ് ആവശ്യപ്പെട്ടു.