covaxin

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങളിൽ മുന്നിൽ നിൽക്കുന്ന ഭാരത് ബയോടെകിന്റെ 'കൊവാക്‌സിൻ' ഫെബ്രുവരി മാസത്തിൽ വിതരണത്തിന് തയ്യാറാകുകയാണ്. സൗജന്യമായി വിതരണം ചെയ്യുന്ന കൊവാ‌ക്‌സിൻ ആദ്യഘട്ട വിതരണത്തിലെ മുൻഗണനാ ക്രമം കേന്ദ്രം തയ്യാറാക്കി.

മുപ്പത് കോടി ജനങ്ങൾക്കാണ് ആദ്യം കൊവാക്‌സിൻ നൽകുക. നാല് വിഭാഗമായി തിരിച്ചാകും വിതരണം. ഒരുകോടി ആരോഗ്യ പ്രവർത്തകർ, രണ്ട്കോടി മുൻനിര പ്രവർത്തകർ,അൻപത് വയസിന് മുകളിലുള‌ള 26 കോടി ജനങ്ങൾ, 50 വയസിൽ താഴെയുള‌ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള‌ള ഒരുകോടി ജനങ്ങളുമാണ് ഈ പട്ടികയിലുള‌ളത്.

ഡോക്‌ർമാർ, നഴ്‌സുമാർ, ആശ വർക്കർമാർ, എം.ബി.ബി.എസ് വിദ്യാർത്ഥികൾ എന്നിവരാണ് ആരോഗ്യ പ്രവർത്തകരുടെ പട്ടികയിലുള‌ളത്.മുനിസിപ്പൽ ജീവനക്കാർ,പൊലീസ്, മ‌റ്റ് സായുധ സേനാംഗങ്ങൾ എന്നിവരടങ്ങിയതാണ് മുൻനിര പ്രവർത്തകരുടെ പട്ടിക. അൻപത് വയസിന് മുകളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള‌ളവരാണ് മൂന്നാമത് പട്ടികയിലുള‌ളത്. 50 വയസിൽ താഴെയുള‌ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള‌ളവരാണ് നാലാമത്.

വാക്‌സിൻ വിതരണത്തിന് ടാസ്‌ക് ഫോഴ്‌സുകളെ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ വിവിധ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. ആധാർ വഴിയാകും ഈ പട്ടികകളിലുള‌ളവരെ ട്രാക്ക് ചെയ്യുന്നത്. എന്നാൽ ആധാർ കാർഡില്ലാത്തവർക്ക് സ്വന്തം ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ മതിയാകും.