ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ - ശ്രീനീവാസൻ
ചിത്രം നാടോടിക്കാറ്റിന് 33 വയസ്
'എടാ വിജയാ,
എന്താടാ നമുക്കീ ബുദ്ധി
നേരത്തെ തോന്നാതിരുന്നത് ?"
'എല്ലാത്തിനും അതിന്റേതായ
സമയമുണ്ട് ദാസാ..."
വീണ്ടും വീണ്ടും മലയാളികൾ ആസ്വദിച്ചു കാണുന്ന സിനിമയാണ് നാടോടിക്കാറ്റ്. ബി .കോം കാരനായ ദാസനും പ്രീ ഡിഗ്രിക്കാരനായ ( പ്രീഡിഗ്രി ഒരു മോശം ഡിഗ്രിയൊന്നുമല്ല ) വിജയനും. തൊഴിൽ രഹിതരായ ഈ ചെറുപ്പക്കാരുടെ പട്ടിണിയും പരിവട്ടവും പ്രണയവും ദേഷ്യവും നിസഹായതയുമെല്ലാം പ്രേക്ഷകർ അവരുടേതായി കണ്ട് ഏറ്റെടുത്തു.എല്ലാതലമുറകളിലും ദാസന്റെയും വിജയന്റെയും പ്രതിരൂപങ്ങൾ ഉണ്ടാകും. നാടോടിക്കാറ്റിന് മുപ്പത്തിമൂന്നു വയസായിരിക്കുന്നു.. 1987ൽ നാടോടിക്കാറ്റ് കണ്ട് പൊട്ടിച്ചിരിച്ച തലമുറയുടെ മക്കൾപോലും ഇന്ന് ദാസന്റെയും വിജയന്റെയും കടുത്ത ആരാധകരാണ്. ദാസനെ അവതരിപ്പിച്ച മോഹൻലാലിന്റെയും വിജയനെ അവതരിപ്പിച്ച ശ്രീനിവാസന്റെയും അഭിനയജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങൾ.മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിന് ദാസനും വിജയനും സജീവത പകർന്നു. സിദ്ധിഖ് ലാലിന്റെ കഥയിൽ പിറന്ന നാടോടിക്കാറ്റിന് ശ്രീനിവാസനാണ് തിരക്കഥ ഒരുക്കിയത്.മദ്രാസിലായിരുന്നു ചിത്രത്തിന്റെ പകുതിയിലധികം ചിത്രീകരണവും.
ബാങ്ക് വായ്പയെടുത്ത് രണ്ടു പശുക്കളെ വാങ്ങുന്ന ദാസനും വിജയനും . ബിസിനസ് വിജയകരമാകുമെന്ന ആത്മവിശ്വാസത്തിൽ സ്വപ്നം കാണുന്ന ദാസൻ ''ആഹഹഹാ... അവറ്റകളുടെ കരച്ചിൽകേൾക്കാൻ തന്നെ എന്തൊരു സുഖം. എന്തൊരു സംഗീതാത്മകം. ആഹഹഹാ..'' ഇതിന് വിജയൻ നല്കുന്ന മറുപടി ഇപ്പോഴും ചിരിവിതറുന്നു.''ഐശ്വര്യത്തിന്റെ സൈറൻ മുഴങ്ങുന്നതുപോലെയുണ്ടല്ലേ.;..""
ദുബായിലേക്ക് ഉരുവിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഗഫൂർക്ക ദാസനെയും വിജയനെയും മദ്രാസ് കടൽത്തീരത്ത് ഇറക്കി വിടുന്നു..ഗഫൂർക്ക എന്ന കഥാപാത്രവും ആ വേഷം സമ്മാനിച്ച പ്രശസ്തിയും മാമുക്കോയ എന്ന നടന്റെ ചിരി അടയാളമാക്കുന്നു. തിലകന്റെ അനന്തൻനമ്പ്യാർ ദാസനെയും വിജയനെയും സി.െഎ.ഡി കളായി തെറ്റിദ്ധരിക്കുമ്പോഴാണ് അവരെ വകവരുത്താൻ പവനായി എന്ന പ്രൊഫഷണൽ കൊലയാളി എത്തുന്നത്.ഇപ്പോഴും ട്രോളുകളിൽ ജീവിക്കുന്നുണ്ട് പവനായി. പവനായി ശവമായി എന്ന ഡയലോഗ് പുതിയ കാലത്തും ചിരി വിതറുന്നു. പവനായി ആയി എത്തുന്ന ക്യാപ്ടൻ രാജുവിന്റെ ഗെറ്റപ്പ് പോലും പ്രേക്ഷകരെ ചിരിപ്പിച്ചു.
അവളുടെ രാവുകൾ 14 പ്രാവശ്യം കണ്ടിട്ടുണ്ടെന്നും ശശിയേട്ടൻ ഭരണി സ്റ്റുഡിയോയിലാണോ എന്ന അതിശയത്തിൽ സീമയോട് ചോദിച്ച് വിജയൻ നിന്ന നിൽപ്പും ആർക്കെങ്കിലും മറക്കാൻ കഴിയുമോ?. സിനിമ കഴിയുമ്പോഴും മനസിൽ തങ്ങിനിൽക്കുന്നതാണ് ശോഭന അവതരിപ്പിച്ച രാധ എന്ന കഥാപാത്രം. മോഹൻലാൽ- ശോഭന ജോഡികളെ ആരാധകർ ഏറ്റെടുക്കുന്നതിൽ നാടോടിക്കാറ്റ് വലിയ പങ്കു വഹിച്ചു. വൈശാഖ സന്ധ്യേ എന്ന ഗാനം എവർഗ്രീനായി തുടരുന്നു.യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾക്ക് ശ്യം സംഗീതം പകർന്നു.
ജനാർദ്ദനന്റെ കോവൈ വെങ്കിടേശൻ എന്ന രാഷ്ട്രീയക്കാരനെ അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. ശങ്കരാടിയുടെ പണിക്കർ,ബോബി കൊട്ടാരക്കരയുടെ ബ്രോക്കർ, ടി.പി മാധവന്റെ കമ്പനി മാനേജർ ഒരൊറ്റ സീനിൽ വരുന്ന രാജൻ പാടൂരിന്റെ കറവക്കാരൻ . ദാസന്റെ അമ്മയായി വരുന്ന ശാന്താദേവി രാധയുടെ അമ്മയായി മീനയും ചെറിയ കഥാപാത്രങ്ങളെപ്പോലും സത്യൻ അന്തിക്കാട് അവിസ്മരണീയമാകും വിധമാണ് അവതരിപ്പിച്ചത്.
കാസിനോ പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മൂട്ടിയും കൊച്ചുമോനും സീമയും െഎ.വി ശശിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിപിൻ മോഹൻ ഛായാഗ്രഹണം നിർവഹിച്ചു.
കേരളത്തിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നാടോടിക്കാറ്റ് കളക്ഷൻ റെക്കോർഡ് ഭേദിച്ചു. പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ രണ്ടും മൂന്നും ഭാഗങ്ങൾക്ക് നാടോടിക്കാറ്റിന്റെ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ കാരണം ആരാഞ്ഞപ്പോൾ സത്യൻ അന്തിക്കാടിന്റെ മറുപടി ഇങ്ങനെയായിരുന്നു- പ്രേക്ഷകർ ഇപ്പോഴും നാടോടിക്കാറ്റിൽ തന്നെ നിൽക്കുകയാണ്.