bineesh-kodiyeri

ബംഗളൂരു: മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ പേരിലുളള ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയെ അറിയിച്ചു. ഡെബിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് ഈ ഡെബിറ്റ് കാർഡ് കിട്ടിയതെന്നും എൻഫോഴ്‌സ്‌മെന്റ് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

കസ്റ്റഡി കാലാവധി നീട്ടിവാങ്ങുന്നതിനായി ബിനീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്. പ്രവർത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്നും ഇ ഡി അഭിഭാഷകർ കോടതിയെ അറിയിച്ചു.

അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്റ്റഡി അപേക്ഷയെ ബിനീഷ് കോടിയേരിയുടെ അഭിഭാഷകൻ എതിർത്തു. ബിനീഷിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായതിനാൽ ചികിത്സ ഉറപ്പാക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റിന്റെ ശ്രമം. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിന്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസിൽ കുടുക്കിയതാണെന്നും അഭിഭാഷകൻ പറഞ്ഞു.