k-surendran

ആലപ്പുഴ: കോടിയേരി ബാലകൃഷ്‌ണന്റെ മകന്റെ ഹവാല ഇടപാടുകൾ സംസ്ഥാനത്തെ ജനങ്ങളോട് വിശദീകരിക്കാൻ കഴിയാതെ സി പി എം ബുദ്ധിമുട്ടുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലാവകാശ കമ്മിഷൻ രാഷ്ട്രീയ പ്രവർത്തകർ ചെയ്‌തതു പോലെ കുട്ടിയുടെ പ്രശ്‌നം രാഷ്ട്രീയ വിഷയമാക്കി. പൊതു സമൂഹത്തിന് മുന്നിൽ കുട്ടിയെ അപമാനിച്ച ബാലാവകാശ കമ്മിഷൻ രാഷ്ട്രീയമാണ് കളിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ബിനീഷിന്റെ കുട്ടിയെ ഇ ഡി തടഞ്ഞുവച്ചിട്ടില്ല. ഇ ഡിക്ക് ശാരീരികമായും മാനസികമായും ഒന്നും ചെയ്യാനാകില്ല. അന്വേഷണം സുതാര്യമാണ്. കൊവിഡ് സമയത്താണ് രണ്ട് വയസായ കൊച്ചു കുഞ്ഞിനെ ഇത്രയും ആളുകൾക്കിടയിൽ പ്രദർശിപ്പിച്ചത്. കേന്ദ്ര ഏജൻസികളെ കൈകാര്യം ചെയ്യുമെന്ന് എ കെ ബാലൻ പറയുന്നത് അദ്ദേഹത്തിന്റെ പൂതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പാലാരിവട്ടം അഴിമതി കേസിൽ സർക്കാർ സഹായിക്കുന്നതു കൊണ്ട് മാത്രമാണ് ഇബ്രഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാത്തത്. അതേ സഹായം കിട്ടിയതു കൊണ്ടാണ് കമറുദ്ദീൻ ഇത്രയും കാലം വിലസി നടന്നത്. തോമസ് ഐസക്കിന്റെ ധനകാര്യമന്ത്രിയെന്നുളള പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് ബാദ്ധ്യതയാണ്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ മറയാക്കി സംസ്ഥാന മന്ത്രിമാരും സി പി എം നേതാക്കളും വലിയ തോതിലുളള ഹവാല ഇടപാടുകളാണ് നടത്തുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.