തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് ദിനേശനും കൊവിഡ് ബാധ കണ്ടെത്തിയത്. കൊവിഡ് ബാധിതനായ ദിനേശനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സി എം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. ഐ ടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാൻ ഇ ഡി അദ്ദേഹത്തെ വിളിപ്പിച്ചത്. എം ശിവശങ്കറിന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്സ്‌മെന്റ് നടപടി. സി എം രവീന്ദ്രനും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. രവീന്ദ്രനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിരീക്ഷണത്തിലാണ്. അതിനിടെയാണ് പുത്തലത്ത് ദിനേശനും കൊവിഡ് സ്ഥിരീകരിക്കുന്നത്.