മോഹൻലാൽ ദുബായിൽ
മോഹൻലാലിന്റെ ജീത്തുജോസഫ് ചിത്രം ദൃശ്യം 2 ചിത്രീകരണം പൂർത്തിയാക്കി. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ദൃശ്യം 2ന്റെ ഷൂട്ടിംഗ് 46 ദിവസം കൊണ്ട് അവസാനിച്ചു. ചിത്രത്തിന്റെ മുതൽമുടക്ക് 10 കോടിയിൽ താഴെയെന്നാണ് വിവരം. കൊവിഡ് കാലത്ത് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ലോക് ഡൗണിനുശേഷം മോഹൻലാൽ ആദ്യം അഭിനയിച്ച സിനിമ കൂടിയാണ്. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടിൽ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചത്.സെപ്തംബർ 21ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ദൃശ്യം രണ്ടാം ഭാഗത്തിൽ 25നാണ് മോഹൻലാൽ ജോയിൻ ചെയ്തത്. തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മോഹൻലാൽ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ താമസിച്ചിരുന്നത്. കർശനമായ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പൂർത്തീകരിച്ച ദൃശ്യം 2ന്റെ സെറ്റിൽ എല്ലാവരും സുരക്ഷിതരായിരുന്നുവെന്ന് മാത്രമല്ല, ഒരു തവണ പോലും ചിത്രീകരണം നിറുത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായില്ല. ചിത്രം പാക്കപ്പ് ആയതോടെ മോഹൻലാൽ സ്വകാര്യസന്ദർശനത്തിനായി ദുബായിലേക്ക് പോയി. നീണ്ട എട്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് മോഹൻലാലിന്റെ ദുബായ് യാത്ര.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.