വാഷിംഗ്ടൺ: ഒരു പെൺകുഞ്ഞിനെ ലാളിക്കാനായി മിഷിഗൺ സ്വദേശികളും ദമ്പതികളുമായ ജെയ് ഷ്വാൻഡെറ്റും കെയ്റ്റ്‌റിയും ഷ്വാൻഡെറ്റും കാത്തിരുന്നത് മൂന്ന് പതിറ്റാണ്ടാണ്. ഒടുവിൽ ജെയ് - കെയ്റ്റ്റി ദമ്പതിമാരുടെ 14 ആൺമക്കൾക്ക് കൂട്ടായി കിളിമകൾ എത്തി. മാഗി ജെയിൻ എന്ന് പേരിട്ട കുഞ്ഞ് വ്യാഴാഴ്ചയാണ് പിറന്നത്.
പതിനാല് സഹോദരങ്ങളും വളരെ സന്തോഷത്തോടെയാണ് തങ്ങളുടെ പുന്നാരപ്പെങ്ങളെ സ്വാഗതം ചെയ്തത്.
മാഗി ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയായി എത്തുന്നതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. പലകാരണങ്ങൾ കൊണ്ടും, ഈ വർഷം മറക്കാനാവാത്തതാണ്. എന്നാൽ മാഗി ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് - ജെയ് പറയുന്നു. 3.4 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണ്.
അംഗങ്ങളുടെ എണ്ണം കൊണ്ട് പ്രസിദ്ധമാണ് ഈ കുടുംബം. കൂടാതെ, 14 ഔട്ട്ഡോർസ്മെൻ (14 Outdoorsmen) എന്നൊരു ലൈവ്‌സ്ട്രീമിംഗ് പ്രോഗ്രാമും ഇവർ നടത്തിയിരുന്നു. മാഗിയുടെ വരവോടെ പരിപാടിയുടെ പേര് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
'അച്ഛനും അമ്മയ്ക്കും ഒരു മകൾ കൂടി വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. 14 ആൺമക്കൾക്ക് ശേഷം ഇനി മകൾ ഉണ്ടാവുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് ഓർമയുള്ള കാലം മുതൽ അമ്മയുടെ കൈയ്യിൽ പിങ്ക് നിറമുള്ള ഒരു വസ്ത്രം പോലും ഞാൻ കണ്ടിട്ടില്ല...' മാഗിയുടെ മൂത്തസഹോദരനായ 28 കാരനായ ടെയ്‌ലർ പറഞ്ഞു. കഴിഞ്ഞ മാസമാണ് ടെയ്ലർ വിവാഹിതനായത്.
ഹൈസ്ക്കൂൾ വിദ്യാർത്ഥികളായിരുന്ന കാലം മുതൽ പ്രണയത്തിലായിരുന്ന ജെയും കെയ്റ്റ്‌റിയും 1993ലാണ് വിവാഹിതരായത്. ഇരുവരും കോളേജ് പഠനം ആരംഭിക്കുന്നതിന് മുമ്പായിരുന്നു വിവാഹം. മൂത്ത മകനായ ടെയ്ലർ ജനിക്കുന്നത് ഇരുവരുടേയും ബിരുദ പഠനം പൂർത്തിയാകുന്നതിന് മുൻപാണ്.