ന്യൂഡൽഹി : കൊവിഡിന് ശേഷമുള്ള ലോകത്ത് സാങ്കേതികവിദ്യയ്ക്കും നൂതന ആശയങ്ങൾക്കും പ്രധാനപങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി ഐ.ഐ.ടിയുടെ 51ാമത് ബിരുദദാന സമ്മേളനത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു മോദി. ഐ.ഐ.ടിയിലെ വിദ്യാർത്ഥികൾ ആത്മനിർഭർ ഭാരതിന്റെ വിജയത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാരണം പലതും മാറിക്കൊണ്ടിരിക്കുന്നു. വെർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയുമാണ് ഇന്ന് ഉപയോഗിക്കുന്നത്. കൊവിഡ് 19 ലോകത്തെ ഒരു കാര്യം പഠിപ്പിച്ചു. ആഗോളവത്കരണം പ്രധാനമാണ്. അതേ സമയം, സ്വശ്രയത്വവും ഒരുപോലെ പ്രധാന്യമുള്ളതാണ്.
യുവജനങ്ങൾക്ക് അവരുടെ ആശയങ്ങളിലൂടെ കോടിക്കണക്കിന് പൗരന്മാരുടെ ജീവിതത്തെ മാറ്റാൻ കഴിയും. ഇതിനായി യുവജനങ്ങളെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കാർഷിക മേഖലയിലെ നവീകരണത്തിനും പുതിയ സ്റ്റാർട്ടപ്പുകൾക്കുമായി വളരെയധികം സാധ്യതകൾ സൃഷ്ടിച്ചിട്ടിണ്ടെന്നും മോദി വിദ്യാർത്ഥികളോട് പറഞ്ഞു.
' ആദ്യമായി ബഹിരാകാശ മേഖലയിൽ സ്വകാര്യ നിക്ഷേപ മാർഗങ്ങൾ തുറന്നു. രണ്ട് ദിവസം മുമ്പ്, ബി.പി.ഒ മേഖലയിൽ ഒരു വലിയ പുരോഗതി വരുത്തി. രാജ്യത്തെ ഐ.ടി മേഖലയെ ആഗോളമാക്കുകയും യുവപ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും. ' മോദി പറഞ്ഞു.