kamaruddin

കാസർകോട്: മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെ ജുവലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്‌തു. കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളേയും ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എം എൽ എയ്ക്ക് എതിരെ അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു. ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മൂന്ന് കേസുകളിലാണ് എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷമാണ് കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ നിർദ്ദേശ പ്രകാരമാണ് തന്നെ അറസ്‌റ്റ്‌ ചെയ്‌തതെന്നും എം സി കമറുദ്ദീൻ പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയാണിത്. ഒരു നോട്ടീസ് പോലും നൽകാതെയാണ് തന്നെ വിളിച്ച് വരുത്തിയതെന്നും എം എൽ എ പറഞ്ഞു. കൊവിഡ് പരിശോധനയ്‌ക്ക് ശേഷം കമറുദ്ദീനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന, സംഘം ചേർന്നുളള കുറ്റകൃത്യം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എം എൽ എ കേരളത്തിൽ അറസ്റ്റിലാവുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തിനിൽക്കുന്ന ഘട്ടത്തിലുണ്ടായ അറസ്റ്റ് യു ഡി എഫിനും മുസ്ലീംലീ​ഗിനും കനത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. എം എൽ എയുടെ അറസ്‌റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു യു ഡി എഫ് കൺവീനർ എം എം ഹസന്റെ പ്രതികരണം.

നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മദ്ധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജുവലറിയുടെ ആസ്തികൾ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജുവലറി എം ഡി പൂക്കോയ തങ്ങളെ ഒമ്പത് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. ജൂവലറിയുടെ നിലവിലെ ആസ്‌തികൾ സംബന്ധിച്ചും ബാദ്ധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.