വാഷിംഗ്ടൺ: ഫെന്റാസ്റ്റിക് ബീസ്റ്റ്സ് മൂവി ഫ്രാൻചൈസ് ആരാധകരെ നിരാശരാക്കി കൊണ്ട് പുതിയ വാർത്ത എത്തിയിരിക്കുകയാണ്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രമായ ഗെലേറ്റ് ഗ്രിൻഡൽവാൾഡിനെ ഇനി ജോണി ഡെപ്പായിരിക്കില്ല അവതരിപ്പിക്കുന്നത്. ഗ്രിൻഡൽവാൾഡ് എന്ന കഥാപാത്രം ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ വാർണർ ബ്രോസ് തന്നെയാണ് ഡെപ്പിനോട് ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് ദിനപത്രമായ ദ് സണ്ണിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ പരാജയപ്പെട്ടതിനെ തുടർന്നാണിത്.ഫെന്റാസ്റ്റിക് ബീസ്റ്റ്സ് ഫ്രാൻചൈസിൽ ഇനി ഡെപ്പ് ഉണ്ടാകില്ലെന്നും ഗ്രിൻഡൽവാൾഡിന്റെ കഥാപാത്രത്തിനായി മറ്റ് നടന്മാരെ പരിഗണിക്കുമെന്നും വാർണർ ബ്രോസ് വ്യക്തമാക്കി. വാർണർ ബ്രോസിന്റെ തീരുമാനത്തെ ബഹുമാനിച്ച് താൻ പിന്മാറുകയാണെന്ന് ഡെപ്പ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മുൻ ഭാര്യയും ഹോളിവുഡ് നടിയുമായ അംബർ ഹേഡിനെ ഡെപ്പ് മർദ്ധിച്ചിരുന്നെന്ന വാർത്ത പുറത്ത് വിട്ടത് ദ് സണ്ണാണ്. ഡെപ്പിനെ 'ഭാര്യയെ തല്ലുന്നവൻ' (wife beater) എന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരുന്നത്. ഇതിനെതിരയാണ് ഡെപ്പ് മാനനഷ്ടക്കേസ് നൽകിയത്. എന്നാൽ, സൺ നൽകിയ വാർത്തകൾ വസ്തുതാപരമായി ശരിയാണ് എന്നാണ് യു.കെ കോടതി പറഞ്ഞത്. അതേസമയം, കേസിൽ അപ്പീൽ നൽകുമെന്ന് ഡെപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. ഡെപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് #JusticeForJohnnyDepp എന്ന ഹാഷ്ടാഗ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പൈററ്റ്സ് ഒഫ് ദ കരീബിയൻ മൂവി സീരിസീലെ ക്യാപ്റ്റൻ ജാക് സ്പാരോ എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനം കവർന്ന ഡെപ്പ് ലോകത്തെ മികച്ച അഭിനേതാക്കളിൽ ഒരാളാണ്. ആലിസ് ഇൻ വണ്ടർലാൻഡ്, ചാർലി ആൻഡ് ദ് ചോക്ലേറ്റ് ഫാക്ടറി, സ്വീനി ടോഡ് : ദ ഡീമൻ ബാർബർ ഒഫ് ഫ്ലീറ്റ് സ്ട്രീറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ ഡെപ്പ് അവതരിപ്പിച്ചിട്ടുണ്ട്.