up-rape

ലക്‌നൗ: മകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമം ചോദ്യം ചെയ്ത പിതാവിനെ അയൽക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ദിയോറിയയിലെ 50കാരനാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച വൈകിട്ട് കൊല്ലപ്പെട്ടയാളുടെ മകളെ അയൽക്കാരനായ യുവാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. വീട്ടിലെത്തിയ പെൺകുട്ടി പിതാവിനോട് കാര്യം പറഞ്ഞു. പിന്നാലെ 50കാരൻ അയൽക്കാരനായ യുവാവിന്റെ വീട്ടിലെത്തി. ഇരു വീടുകളും തമ്മിൽ 20 അടി അകലം മാത്രമാണുള്ളത്.

മകളെ ഉപദ്രവിച്ചത് ചോദ്യംചെയ്ത പിതാവ് അയൽവാസിയായ യുവാവിന്റെ മുഖത്തടിച്ചു. ഇതോടെ യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി 50കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ 50കാരനെ ഗോരഖ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ ലക്‌നൗവിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ എട്ട് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും ഇവരിൽ രണ്ട് പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു.