ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് 'ഉറ്റ സുഹൃത്തെന്ന്' മോദി സ്വയം പ്രഖ്യാപിക്കുന്ന ഡൊണള്‍ഡ് ട്രംപ് മാറി ജോ ബൈഡന്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ അത്ര ഗുണകരമാകാനിടയില്ല. പലപ്പോഴും ഇന്ത്യക്കെതിരെയുള്ള പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളിലിടം പിടിക്കാറുണ്ടെങ്കിലും മോദിയും ട്രംപും പരസ്പരം പുകഴ്ത്തുകയും ഉറ്റ സുഹൃത്തുക്കളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ജോ ബൈഡന്‍ മോദിയുടെ ഒപ്പം നില്‍ക്കുമോ എന്ന് കണ്ടറിയണം.
ബൈഡന്റെ വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചില കാര്യങ്ങളെ മാറ്റിമറിച്ചേക്കാമെന്നും അത് സന്തോഷവാര്‍ത്തയായിരിക്കില്ലെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടെ ട്രംപ് ഇന്ത്യയെ പിന്തുണച്ചിരുന്നു. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്, ട്രംപിനെപ്പോലെ, അയല്‍രാജ്യക്കെതിരായ ആക്രമണാത്മക നിലപാട് തടയാന്‍ ബൈഡനും ചൈനയില്‍ സമ്മര്‍ദ്ദം ചെലുത്തുകയില്ല.
മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ പലപ്പോഴും പരസ്യമായി രംഗത്തെത്തിയയാളാണ് ബൈഡന്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരിക്കവേ ബൈഡന്‍ സി.എ.എക്കും കാശ്മീര്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാരിനെതിരായി പരസ്യമായി രംഗത്തെത്തിയിരുന്നു.കാശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. അസമിലെ പൗരത്വ രജിസ്റ്റര്‍ നിരാശാജനകമാണെന്നും ബൈഡന്‍ പറഞ്ഞിരുന്നു. ട്രംപിനായി വോട്ട് ചോദിക്കാന്‍ മോദി തന്നെ നേരിട്ടെത്തിയെങ്കിലും ഏറ്റവുമധികം ഇന്ത്യക്കാരുള്ളള അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ജോ ബൈഡനായിരുന്നു വിജയം.
വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഇന്ത്യന്‍ വേരുകളുണ്ടെങ്കിലും കേന്ദ്രസര്‍ക്കാറിനോടുള്ള എതിര്‍പ്പ് തുറന്ന് പറഞ്ഞിരുന്നു.
ഇന്ത്യയുമായി മികച്ച നയതന്ത്ര സ്ഥാപിക്കുമെന്ന് ബൈഡനും കമലയും പ്രഖ്യാപിച്ചിരുന്നെങ്കിലും വൈറ്റ് ഹൗസിലെ പുതിയ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് അത്ര ശുഭകരമാകില്ലെന്ന് അര്‍ത്ഥം.
യു.എസിന്റെ പുതിയ പ്രസിഡന്റായി ബൈഡന്‍ എത്തുന്നതിൽ പാകിസ്ഥാന് സന്തോഷമുണ്ടെന്ന് പരക്കെ പറയപ്പെടുന്നു. ബൈഡന്‍ ഒരു പഴയ നയതന്ത്രജ്ഞനാണ്, പാകിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്തിയിട്ടുണ്ട്, അതുകൊണ്ടാണ് പാകിസ്ഥാന്‍ അദ്ദേഹത്തിനായി വേരുറപ്പിക്കുന്നത്. 2008 ല്‍ പാകിസ്ഥാന്‍ ബൈഡന് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ 'ഹിലാല്‍ ഇ പാകിസ്ഥാന്‍' നല്‍കിയിരുന്നു. 1.5 ബില്യണ്‍ ഡോളര്‍ സൈനികേതര സഹായം പാകിസ്ഥാനിലേക്ക് കൊണ്ടുവരാനുള്ള നിര്‍ദ്ദേശത്തിന് പിന്നിൽ ജോ ബിഡനും സെനറ്റര്‍ റിച്ചാര്‍ഡ് ലുഗറുമായിരുന്നു. ലുഗാറിനും 'ഹിലാല്‍ ഇ പാകിസ്ഥാന്‍' ബഹുമതി ലഭിച്ചു.