-joe-biden

 ആരാണ് ബൈഡൻ

വയസ് - 77

ജനനം - പെൻസിൽവേനിയയിലെ സ്ക്രാൻടണിൽ, 1942 നവംബർ 20.

താമസം - ഡെലവെയറിലെ വിൽമിംഗ്ടണിൽ.

ആറ് തവണ ഡെലവെയറിൽ നിന്നും സെനറ്റർ ആയി. 1972ൽ ആണ് ആദ്യമായി സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. യു.എസിന്റെ 47ാമത് വൈസ് പ്രസിഡന്റ്. 1988, 2008 വർഷങ്ങളിലും പ്രസിഡന്റ് നോമിനേഷനായി പരിഗണിച്ചെങ്കിലും നോമിനേഷൻ നേടാൻ കഴിഞ്ഞില്ല. വൈറ്റ് ഹൗസിൽ എത്തുന്നതോടെ അമേരിക്കയുടെ ചരിത്രത്തിൽ തന്നെ അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആകും ബൈഡൻ.

പ്രസിഡന്റ് പദത്തിലെത്തിയ ഏറ്റവും പ്രായം കൂടി സ്ഥാനാർത്ഥി ട്രംപ് ആണെങ്കിലും കാലാവധി പൂർത്തിയാക്കി പദവിയിൽ നിന്നും പടിയിറങ്ങിയ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് റൊണാൾഡ് റീഗൻ ആണ്. പ്രസിഡന്റ് പദവി ഒഴിയുമ്പോൾ റീഗന് 77 വയസും 349 ദിവസവും തികഞ്ഞിരുന്നു. അതേ സമയം ബൈഡൻ ജയിക്കുന്നതോടെ ട്രംപിന്റെയും റീഗന്റെയും റെക്കോർഡ് ഒരുമിച്ച് തകർത്ത് യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന് സ്ഥാനം സ്വന്തമാക്കും.

 അര നൂറ്റാണ്ടായുള്ള രാഷ്ട്രീയ ജീവിതം

കഴിഞ്ഞ അര നൂറ്റാണ്ടായി രാഷ്ട്രീയ രംഗത്ത് സജീവമാണ് ബൈഡൻ. കൊവിഡ് മഹാമാരിയ്ക്കിടെ ആരോഗ്യപ്രവർത്തകരുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും ഉപദേശങ്ങൾക്കനുസൃതമായി പ്രചാരണവേളകളിൽ ബൈഡൻ മുന്നോട്ട് വച്ച ശുപാർശകൾ വോട്ടർമാരിൽ മതിപ്പുണ്ടാക്കി. കൊവിഡിനെ ട്രംപ് പരിഹസിച്ച് തള്ളിയും അമേരിക്കയിൽ ലക്ഷക്കണക്കിന് പേർ മരിച്ചതും ബ്ലാക്ക് ലീവ്സ് മാറ്റർ ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളും ബൈഡൻ ആയുധമാക്കി.

ബറാക് ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചതിന്റെ അനുഭവ സമ്പത്ത്. ഒബാമയുമായി അടുത്ത ബന്ധം ബൈഡനുണ്ട്. ഒബാമയുടെ കാലത്താണ് നിർണായകമായ ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള അഫോർഡബിൾ കെയർ ആക്ട് പാസായത്. ആരോഗ്യമേഖലയിലെ പുരോഗതിയാണ് ബൈഡൻ പ്രധാനമായും മുൻഗണന നൽകുന്ന ഒന്ന്. സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയുടെ മുൻ ചെയർമാൻ കൂടിയാണ് ബൈഡൻ.

 കുടുംബം

ബൈഡന് ആദ്യ ഭാര്യയായ നീലിയ ഹണ്ടറിനെയും കൈക്കുഞ്ഞായിരുന്ന മകൾ നവോമിയേയും ഒരു കാർ അപകടത്തിലാണ് നഷ്ടമായത്. ആദ്യമായി സെനറ്റർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 1972ലാണ് ബൈഡന്റെ ജീവിതത്തിലെ ആ ദുരന്തം സംഭവിച്ചത്. ബൈഡന് അന്ന് 30 വയസായിരുന്നു. ബൈഡൻ തിരഞ്ഞെടുത്ത് ഏതാനും ദിവസങ്ങൾക്ക് ശേഷം ഡിസംബർ 18ന് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്രിസ്മസ് ട്രീ വാങ്ങാൻ പുറപ്പെട്ടതായിരുന്നു നീലിയയും മക്കളായ ബ്യൂ, ഹണ്ടർ, നവോമിയും.

യാത്രാമദ്ധ്യേ ട്രക്ക് കാറിലിടിക്കുകയായിരുന്നു. ബ്യൂ, ഹണ്ടർ എന്നിവർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ബ്യൂ ബൈഡൻ 2015ൽ ബ്രെയിൻ ക്യാൻസർ ബാധിച്ച് 46ാമത്തെ വയസിൽ മരിച്ചു. 1977ലാണ് ബൈഡൻ ജിൽ ബൈഡനെ വിവാഹം കഴിച്ചത്. ഇതിൽ ആഷ്‌ലി എന്നൊരു മകൾ ഉണ്ട്.