തിരുവനന്തപുരം: ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എ അറസ്‌റ്റിലായുടൻ പരിഹാസവുമായി മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്. 'പടച്ചവൻ വലിയവനാണ്. ചക്കിന് വച്ചത് കൊക്കിന് കൊണ്ടു' എന്ന് മാത്രമായിരുന്നു പച്ച പശ്ചാത്തലത്തിൽ മന്ത്രിയുടെ കുറിപ്പ്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മതഗ്രന്ഥം വിതരണം ചെയ്‌ത കേസിൽ ജലീലിനെതിരെ ലീഗ് നേതാക്കൾ ആക്രമണം തുടരുന്നതിനിടെയാണ് കമറുദ്ദീന്റെ അറസ്‌റ്റ്.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
പടച്ചവൻ വലിയവനാണ്." ചക്കിന് വച്ചത് കൊക്കിന് കൊണ്ടു."
നേരത്തെ കാസർകോഡ് എസ്.പി ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് മഞ്ചേശ്വരം എം.എൽ.എയായ കമറുദ്ദീനെ അറസ്‌റ്റ് ചെയ്‌തത്. 115ഓളം കേസുകളിലാണ് എം.സി കമറുദ്ദീൻ പ്രതിയായിട്ടുളളത്. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്‌റ്റ് ഉണ്ടായത്.
മുൻപ് കേസിൽ യു.ഡി.എഫ് കമറുദ്ദീന് അനുകൂലമായിരുന്നെങ്കിലും പിന്നീട് എം.എൽ.എയെ തളളിപ്പറഞ്ഞു.കമറുദ്ദീനെ സംരക്ഷിക്കില്ലെന്നും ഒരു പൊതുപ്രവർത്തകന് വേണ്ട ജാഗ്രത കമറുദ്ദീൻ കാണിച്ചില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം തന്റെ അറസ്‌റ്റ് സർക്കാർ ഗൂഢാലോചനയാണെന്നും ഇതുകൊണ്ട് തന്നെ തകർക്കാനാവില്ലെന്നും കമറുദ്ദീൻ പ്രതികരിച്ചു.
ഇതിനിടെ കോൺസുലേറ്റ് വഴി വന്ന മതഗ്രന്ഥങ്ങൾ വിതരണം ചെയ്‌ത കേസിൽ മന്ത്രി കെ.ടി ജലീലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്‌റ്റംസ് നോട്ടീസ് നൽകി. തിങ്കളാഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് മന്ത്രി ഹാജരാകേണ്ടത്. മന്ത്രിയുടെ ഗൺമാനെ കസ്‌റ്റംസ് ഇതിനിടെ ചോദ്യം ചെയ്തു.