വിഖ്യാത ചലച്ചിത്രകാരൻ സൊളാനസിന് വിട; കേരളം ആദരിച്ച ചലച്ചിത്ര പ്രതിഭ
ഫെർണാണ്ടോ സൊളാനസ് മനുഷ്യന്റെ ജീവിത പോരാട്ടങ്ങളെ ഒരു ചൂളയിലെന്നപോലെ ഊതിക്കാച്ചിയെടുത്ത് ചലച്ചിത്രങ്ങളാക്കിയ മഹാപ്രതിഭയായിരുന്നു.അറുപതുകളുടെ മധ്യം മുതൽ 1970 കളുടെ തുടക്കത്തിലും ലാറ്റിനമേരിക്കയിൽ ജ്വലിച്ചുയർന്ന മൂന്നാം സിനിമാ മൂവ്മെന്റിന്റെ മുന്നണിപ്പോരാളി. ഹോളിവുഡ്ഢിലെ തട്ടു പൊളിപ്പനും യൂറോപ്പിലെ കലാപരമായ സിനിമകൾക്കുമപ്പുറം മൂന്നാമതൊരു സിനിമയുണ്ടെന്ന് സിനിമ ഓഫ് ഡിസ്കവറി എന്ന പ്രസ്ഥാനത്തിലൂടെയും സിനി ലിബറേഷൻ ഗ്രൂപ്പിന്റെയും നേത്രത്വത്തിൽ സൊളാനസ് തെളിയിച്ചു.അതിലൂടെ അർജന്റീനയിലെ വലതുപക്ഷ രാഷ്ട്രീയ വിഭാഗത്തിന്റെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു.സൊളാനസിനെ അവർതട്ടിക്കൊണ്ടു പോവുകയും സിനിമയിലെ അഭിനേതാവിനെ വധിക്കുകയും ചെയ്തിട്ടുണ്ട്.ഒരിക്കൽ സൊളാനസിന് വെടിയേൽക്കുകയും ചെയ്തു.
ഒക്ടോവിയോ ഗെറ്റിനോയുമായി ചേർന്ന് സംവിധാനം ചെയ്ത ' അവർ ഒഫ് ദി ഫർണസ് "ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകർക്ക് നവീന അനുഭവമായിരുന്നു.ലാറ്റിനമേരിക്കൻ സിനിമയിൽ വലിയ മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു അതെന്ന് പ്രമുഖ ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ പറയുന്നു.
" സൊളാനസ് തുടക്കത്തിൽ എടുത്തതെല്ലാം,തൊഴിലാളി വർഗ്ഗത്തിനു വേണ്ടിയുള്ള സിനിമകളാണ് .കഥ പറച്ചിലല്ല,യാഥാർത്ഥ്യത്തെ വിശകലനം ചെയ്യുന്ന രീതിയിലായിരുന്നു : അവർ ഓഫ് ദി ഫർണസി ' ന്റെ മേക്കിംഗ് .നാട്ടിലെ പോരാട്ടങ്ങളുടെ ചരിത്രം ന്യൂസ് റീലായും അഭിമുഖങ്ങളായും ഉൾപ്പെടുത്തി.നാലു മണിക്കൂറുള്ള ആ ചിത്രത്തിന്റെ ആദ്യ ഭാഗം ചെഗുവേരയ്ക്കാണ് സമർപ്പിച്ചിരുന്നത്.സൊളാനസ് എടുത്ത ചിത്രങ്ങൾ വിമോചനത്തിന്റെ ശബ്ദം ഉയർത്തുന്നതായിരുന്നു.പരീക്ഷണ സിനിമകളിലൂടെ ഭരണകൂടത്തെ വെല്ലുവിളിച്ചതിന്റെ പേരിൽ 1974 ൽ സൊളാനസിനും നവസിനിമാ പ്രസ്ഥാനക്കാർക്കും നാടുവിടേണ്ടിയും വന്നു.പിൽക്കാലത്ത് ജനാധിപത്യ ഭരണകൂടം അർജന്റീനിയയിൽ വന്നപ്പോൾ 1983 ൽ നാട്ടിൽ മടങ്ങിയെത്തിയ സൊളാനസ് പല ശൈലിയിലുള്ള ചിത്രങ്ങൾ എടുത്തു.' ടാങ്കോസ് ദി എക്സൈൽ ഓഫ് ദ ഗാർഡൻ, സുർ, എൽവാജെ, ലാലുബെ തുടങ്ങി ശ്രദ്ധേയമായ അനവധി ചിത്രങ്ങളും ഡോക്കുമെന്ററികളും സംവിധാനം ചെയ്തു. "-വിജയകൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞവർഷം ഐ.എഫ്.എഫ്.കെയിൽ കേരളം സൊളാനസിനെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചു.2007 ൽ അർജന്റീനിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആതന്റിക് നാഷണലിസ്റ്റ് പാർടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്നു. സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.മകൻ ജുവാൻ സൊളാനസ് ചലച്ചിത്ര സംവിധായകനാണ്. എൺപത്തിനാലാം വയസിൽ ഇന്നലെ പാരീസിലായിരുന്നു സൊളാനസിന്റെ അന്ത്യം.