ഗ്വാട്ടിമല സിറ്റി: ഗ്വാട്ടിമലയിൽ ഏറ്റ കൊടുങ്കാറ്റ് മൂലമുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് 150 ഓളം പേർ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോർട്ട്. 100ലധികം പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി പ്രസിഡന്റ് അലജാൻഡ്രോ ഗയാമെറ്റി അറിയിച്ചു.
ഏറ്റ വ്യാഴാഴ്ച മുതൽ രാജ്യത്ത് നാശം വിതച്ച് തുടങ്ങിയിരുന്നു. സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.നിരവധി വീടുകൾ മണ്ണിനടിയിലായെന്നും നൂറുപേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാവുമെന്നും സൈന്യം പ്രാഥമിക വിവരം നൽകിയിരുന്നു. ശക്തമായ മഴവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ ഒലിച്ചുപോയി.
റോഡുകളും പാലങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനായി ഹെലികോപ്റ്ററുകളും സ്പീഡ് ബോട്ടുകളും ഉടൻ എത്തിക്കാനും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിട്ടുണ്ട്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയില്‍ ആഞ്ഞടിച്ച ഏറ്റ സർവവും തകർത്തെറിഞ്ഞാണ് കടന്നുപോകുന്നത്.
നൂറ് വർഷത്തിനിടെ രാജ്യത്ത് വന്ന ഏറ്റവും വലിയ കാറ്റാണിതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ കുടുങ്ങിയവർക്കായി ഭക്ഷണം പോലും എത്തിക്കാൻ സാധിക്കുന്നില്ല. കാറ്റിന് വരും ദിവസങ്ങളിൽ ശക്തി വർദ്ധിച്ചേക്കാമെന്നും മഹാദുരന്തമായി മാറാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.