ശ്രീനഗർ: എന്റെ ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്നതുവരെ മരിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ഒരു വർഷത്തിനിടെ ആദ്യമായി ജമ്മുവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരാധീനനായാണ് ഫാറൂഖ് അബ്ദുള്ള സംസാരിച്ചത്.
പാകിസ്ഥാന്റെ പിന്തുണ കാശ്‌മീരിന് വേണമായിരുന്നുവെങ്കിൽ 1947ൽ തന്നെ സാധിക്കുമായിരുന്നു. കാശ്മീർ ചേർന്നത് മഹാത്മാ ഗാന്ധിയുടെ ഇന്ത്യയ്‌ക്കൊപ്പമാണ്. ബി.ജെ.പിയുടെ ഇന്ത്യയ്‌ക്കൊപ്പമല്ലെന്നും കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്ന വിഷയം ചൂണ്ടിക്കാട്ടി ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
'എന്റെ ജനങ്ങളുടെ അവകാശങ്ങൾ തിരികെ ലഭിക്കുന്നതുവരെ ഞാൻ മരിക്കില്ല. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ഇവിടെയുണ്ട്, എന്റെ ജോലി പൂർത്തിയാക്കുന്ന ദിവസം ഞാൻ ഈ ലോകം വിട്ടുപോകും. തന്റെ പാർട്ടി ഒരിക്കലും ജമ്മു, ലഡാക്ക്, കാശ്‌മീർ എന്നിങ്ങനെ വേർതിരിവ് നടത്തിയിട്ടില്ല.' - ഷേരെ കാശ്‌മീർ ഭവനിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പി.എ.ജി.ഡി) യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയും (പി.ഡി.പി) ചേർന്നാണ് പി.എ.ജി.ഡി എന്ന സഖ്യം രൂപീകരിച്ചത്.
രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചും ജമ്മു കശ്മീരിലെ ജനങ്ങൾക്കും ലഡാക്കിലുള്ളവർക്കും തെറ്റായ വാഗ്ദാനങ്ങൾ നൽകിയുമാണ് ബി.ജെ.പി ജനങ്ങളുടെ കണ്ണിൽപൊടിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 84കാരനായ അബ്ദുള്ളയുടെ ആദ്യ രാഷ്ട്രീയ കൂടിക്കാഴ്ചയായിരുന്നു ഇത്. മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയും ഒപ്പമുണ്ടായിരുന്നു.
അബ്ദുള്ളയ്ക്കെതിരെ ശിവസേന
ഇന്ത്യയിൽ ആർട്ടിക്കിൾ 370 നടക്കില്ലെന്നും ഫാറൂഖ് അബ്ദുള്ളയ്ക്ക് വേണമെങ്കിൽ പാകിസ്ഥാനിലേക്ക് പോകാമെന്നും അവിടെ ആർട്ടിക്കിൾ 370 നടപ്പാക്കാമെന്നും ശിവസേനാവക്താവ് സഞ്ജയ് റൗത്ത് പറഞ്ഞു.