ആംബുലൻസിന് വഴികാട്ടിയായി പൊലീസുകാരൻ ഓടിയത് രണ്ടു കിലോമീറ്റർ!
ഹൈദരാബാദ്: ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴി കാണിക്കാൻ പൊലീസുകാരൻ ഒാടിയത് രണ്ട് കിലോമീറ്റർ. ഹൈദരാബാദ് കോട്ടിയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ രോഗിയുമായെത്തിയ ആംബുലൻസ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് പൊലീസുകാരൻ വഴികാട്ടിയായി ആംബുലൻസിന് മുന്നിൽ നീങ്ങുകയായിരുന്നു. ഇത് ട്രാഫിക് കോൺസ്റ്റബിളിൾ ജി. ബാബ്ജിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആംബുലൻസിലുള്ളവരിൽ ഒരാളാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും ബാബ്ജി ഓടുന്ന വീഡിയോ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വൈറലായത്. നിരവധിപേർ പൊലീസുകാരനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. അഡിഷണൽ പൊലീസ് കമ്മിഷണർ (ട്രാഫിക്) അനിൽ കുമാർ വീഡിയോ ട്വീറ്റ് ചെയ്യുകയും ബാബ്ജിയെ പ്രശംസിക്കുകയും ചെയ്തു.