crime

ഭോപ്പാൽ : ലോക്ക്ഡൗൺ കാലയളവിൽ കടമായി വാങ്ങിയ 5,000 രൂപ മടക്കി നൽകിയില്ലെന്നാരോപിച്ച് 32 വയസുള്ള ആദിവാസി യുവാവിനെ ജീവനോടെ ചുട്ടുകൊന്നു. മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇവിടുത്തെ ഉകാവാദ് കുർദ് ഗ്രാമത്തിൽ താമസിച്ചിരുന്ന വിജയ് സാഹരിയ എന്ന യുവാവാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ രാധേശ്യാം ലോധ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ആളുകൾക്ക് പലിശയ്ക്ക് പണം കൊടുക്കുന്നയാളാണ് കർഷകനായ രാധേശ്യാം ലോധ. ലോക്ക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കർഷക തൊഴിലാളിയായ വിജയ് കഴിഞ്ഞ മേയ് മാസത്തിൽ രാധേശ്യാം ലോധയുടെ പക്കൽ നിന്നും 5,000 രൂപ കടംവാങ്ങി. വിജയ്, ലോധയുടെ കൃഷി ഭൂമിയിൽ പണിയെടുത്തിരുന്നു. ജോലിയുടെ കൂലി ആവശ്യപ്പെട്ടപ്പോൾ തരില്ലെന്ന് പറഞ്ഞ ലോധ കടം വാങ്ങിയ പണം തിരികെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ശമ്പളത്തിൽ നിന്നും 5,000 രൂപ കുറച്ച ശേഷം ബാക്കി പണം തരാൻ വിജയ് അപേക്ഷിച്ചെങ്കിലും ലോധ കേൾക്കാൻ തയാറായില്ല.

വെള്ളിയാഴ്ച രാത്രി വീണ്ടും ഇരുവരും തർക്കത്തിലേർപ്പെടുകയും ലോധ വിജയ്‌യെ തല്ലുകയും ചെയ്തു. തുടർന്ന് വീട്ടിനകത്ത് നിന്നും ലോധ ഒരു കുപ്പി മണ്ണെണ്ണയുമായെത്തി വിജയ്‌യുടെ മേൽ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. വി‌ജയ്‌യുടെ നിലവിളികേട്ടെത്തിയ നാട്ടുകാർ ചേർന്ന് തീകെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിജയ്‌, ലോധയ്ക്കെതിരെ മരണ മൊഴി നൽകിയിട്ടുണ്ട്. ലോധ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.