വാഷിംഗ്ടൺ: അമേരിക്കയിൽ തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 95,000ത്തിന് മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. വെള്ളിയാഴ്ച 120,000 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്.
ഇല്ലിനോയിസിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10,000ലധികം പേർക്ക് ഇവിടെ രോഗം ബാധിച്ചു. ഇന്ത്യാന, കൻസാസ്, മിനിസോട്ട, മിസൗരി, നെബാർസ്ക, നോർത്ത് ഡക്കോട്ട, ഒഹിയോ, വിസ്കോൻസിൻ തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധ രൂക്ഷമാണ്.ടെക്സാസിൽ രോഗികളുടെ എണ്ണം 10 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
വിസ്കോൻസിനിൽ ആളുകൾ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില നഗരങ്ങളിലും സംസ്ഥാനങ്ങളിലും കൊവിഡിനെ പ്രതിരോധിക്കാൻ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മാസ്ക് ഉൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാർഗങ്ങൾ നിർബന്ധമാക്കാൻ കേന്ദ്രീകൃത സ്വഭാവത്തിലുള്ള നടപടികൾ രാജ്യത്ത് ഉണ്ടാവുന്നില്ല.