കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംവിധായകന്‍ ലോകേഷ് കനകരാജ് കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. കമല്‍ഹാസന്റെ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ പുറത്തുവിടുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ഗംഭീര ടീസറോടുകൂടിയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
നായക കഥാപാത്രത്തിന്റെ പേരില്‍ത്തന്നെയാണ് സിനിമ- 'വിക്രം'. കമലിന്റെ 232-ാം ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകേഷ് രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും അതല്ല കാര്‍ത്തി നായകവേഷത്തിലെത്തിയ കൈതി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അടുത്ത സിനിമയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു.
ഒരു വലിയ വീട്ടില്‍ വിരുന്നൊരുക്കി, അതിഥികള്‍ എത്തുംമുന്‍പ് ആയുധങ്ങള്‍ ഒളിപ്പിക്കുന്ന നായകനാണ് ടീസറില്‍.സംഗീതം അനിരുദ്ധ്. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് ടീസറിനൊപ്പമുള്ള അറിയിപ്പ്. വിജയ് നായകനായ മാസ്റ്റര്‍ ആണ് ലോകേഷ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കൊവിഡ് മൂലം മാറ്റി വച്ചിരിക്കുകയാണ്.