വാഷിംഗ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയമുറപ്പായതോടെ ഡെലവെയറിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡൻ.
കൊവിഡ് മഹാമാരി നിയന്ത്രിക്കാൻ പലപ്രദമായ നടപടി സ്വീകരിക്കുമെന്നാണ് ബൈഡൻ ഉറപ്പ് നൽകി.
എന്റെ പ്രിയപ്പെട്ട അമേരിക്കക്കാരേ, അന്തിമ ഫലപ്രഖ്യാപനം നടന്നിട്ടില്ല. പക്ഷേ അക്കങ്ങൾ അക്കാര്യം വ്യക്തമാക്കുന്നു. ഈ മത്സരത്തിൽ നാം ജയിക്കാൻ പോകുന്നു. ബൈഡൻ പറഞ്ഞു.
ഇന്നലെ മുതൽ സംഭവിച്ചത് നോക്കുക. 24 മണിക്കൂർ മുൻപ് നാം ജോർജിയയിലും പെൻസിൽവാനിയയിലും പിന്നിലായിരുന്നു, എന്നാൽ ഇപ്പോൾ നാം അവിടെ ജയിക്കാൻ പോകുകയാണ്. 300 ഇലക്ടറൽ വോട്ടുകൾ കിട്ടാനുള്ള പാതയിലാണ് നമ്മൾ." ജോ ബൈഡൻ പറഞ്ഞു.
വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും രാജ്യം ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കത്തിൽ ട്രംപിന് അനുകൂലമായിരുന്ന ജോർജിയ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിലെ ലീഡാണ് ബൈഡനെ തുണച്ചത്. നെവാഡയിലും അരിസോണയിലും ബൈഡനാണ് ലീഡ്. പെൻസിൽവാനിയയിലെ മാത്രം ലീഡ് മതി ബൈഡന് വിജയിക്കാൻ.
അരിസോണയിൽ 24 വർഷത്തിന് ശേഷവും ജോർജിയയിൽ 28 വർഷത്തിന് ശേഷവും ആദ്യമായിട്ടാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിക്കാൻ പോകുന്നതെന്ന് ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, എല്ലാ വോട്ടുകളും എണ്ണിത്തീരുന്നതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്ന ഡൊണള്‍ഡ് ട്രംപ് സ്വന്തം ജോലി ചെയ്തു തീർക്കാൻ കാത്തിരിക്കുന്നില്ലെന്നും ബൈഡൻ പറഞ്ഞു.
കൊവിഡ് പോലുള്ള സുപ്രധാന വിഷയങ്ങളിൽ ട്രംപിന്റെ ഇടപെടൽ സംബന്ധിച്ച് ബൈഡൻ കുറ്റപ്പെടുത്തി. കൊവിഡ്, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസുമായി ചർച്ച നടത്തിയതായി ബൈഡൻ വ്യക്തമാക്കി.
നിലവിൽ 264 ഇലക്ട്രൽ വോട്ടുകളാണ് ബൈഡൻ നേടിയത്. ട്രംപ് 214 എണ്ണം നേടി. ജോർജിയക്ക് പുറമെ പെൻസൽവാനിയ, അരിസോണ, നെവാഡ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ നീണ്ടുപോകുന്നതാണ് ബൈഡന്റെ വിജയം വൈകിപ്പിക്കുന്നത്. കൊവിഡ് മൂലം മെയിൽ ബാലറ്റ് വോട്ടുകളുടെ എണ്ണം കൂടിയതാണ് വോട്ടെണ്ണൽ വൈകാൻ കാരണം. ഇത്തവണ റെക്കോഡ് വോട്ടിംഗ് ശതമാനവും രേഖപ്പെടുത്തിയിരുന്നു.