സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ മികച്ച വർദ്ധന
കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി കൊവിഡ് കാലത്തും നേടിയത് മികച്ച വളർച്ച. നടപ്പുവർഷത്തെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) 15 ശതമാനമാണ് വർദ്ധന. 10,001.61 കോടി രൂപ മതിക്കുന്ന 5.70 ലക്ഷം ടൺ സുഗന്ധവ്യഞ്ജനമാണ് ഇക്കുറി കയറ്റുമതി ചെയ്‌തതെന്ന് സ്‌പൈസസ് ബോർഡ് വ്യക്തമാക്കി. 2019ലെ സമാനപാദത്തിൽ കയറ്റുമതി മൂല്യം 8,858.06 കോടി രൂപയും അളവ് 4.94 ലക്ഷം ടണ്ണുമായിരുന്നു.
താരം വറ്റൽ മുളക്
കയറ്റുമതി അളവിലും മൂല്യത്തിലും മുന്നിൽ വറ്റൽ മുളകാണ്. 2,876 കോടി രൂപയുടെ 2.10 ലക്ഷം വറ്റൽ മുളക് ഇത്തവണ കയറ്റുമതി ചെയ്യപ്പെട്ടു. 1,873.70 കോടി രൂപ നേടി ജീരകമാണ് രണ്ടാമത്; അളവ് 1.33 ലക്ഷം ടൺ. ജീരകം അളവിൽ 30 ശതമാനവും മൂല്യത്തിൽ 19 ശതമാനവും വർദ്ധനയുണ്ട്.
ഏലയ്ക്കാക്കുതിപ്പ്
അളവിലും മൂല്യത്തിലും വൻ കുതിപ്പ് നടത്തിയത് ഏലയ്ക്കയാണ്. മൂല്യം 298 ശതമാനവും അളവ് 225 ശതമാനവും ഉയർന്നു. 400 ടണ്ണിൽ നിന്ന് 1,300 ടണ്ണിലേക്ക് അളവ് ഉയർന്നപ്പോൾ മൂല്യക്കുതിപ്പ് 55.69 കോടി രൂപയിൽ നിന്ന് 221.50 കോടി രൂപയിലേക്കാണ്.
പ്രതിരോധച്ചുക്ക്
രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾക്ക് കൊവിഡ് കാലത്ത് മികച്ച ഡിമാൻഡുണ്ട്. ചുക്കിന്റെ കയറ്റുമതി വർദ്ധന 107 ശതമാനമാണ്. മഞ്ഞളിന്റെ അളവ് 37 ശതമാനവും മൂല്യം 35 ശതമാനവും കൂടി. ഉലുവ, മല്ലി, കടുക്, അനീസീഡ്, ദിൽസീഡ്, ജാതിക്ക, ജാതിപത്രി, സുഗന്ധവ്യഞ്ജന എണ്ണ/സത്ത്, സെലറി, വാളൻപുളി, കുങ്കുമപ്പൂവ് എന്നിവയും നേട്ടത്തിലാണ്.