skoda-seat-belt

വാഹനമെടുത്ത് പുറത്തേക്ക് പോകുമ്പോൾ സീറ്റ് ബെല്‍റ്റ് ഇടാൻ മറക്കുന്നവരാണ് അധികവും. തിരക്കിട്ട പാച്ചിലിന്റെ ഇടയില്‍ പലപ്പോഴും വളരെയധികം മടിപ്പിക്കുന്ന ഒന്നാണ് ഡ്രൈവിന് മുമ്പ് സീറ്റ് ബെല്‍റ്റ് ഹുക്ക് കണ്ടെത്തുക എന്നത്.ഇരുട്ടില്‍ ഇവ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയില്ല. ഉപഭോക്താക്കളുടെ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച നിരവധി സാങ്കേതികവിദ്യകള്‍ നാം കണ്ടിട്ടുണ്ട്.


സ്‌കോഡയും പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഒട്ടും പിന്നിലല്ല, ഇപ്പോള്‍ ഇല്യുമിനേറ്റഡ് സീറ്റ് ബെല്‍റ്റ് ബക്കിളുകളുടെ ഉത്പാദനം വിലയിരുത്തുകയാണ് കമ്പനി. ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കള്‍ ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് നേടിയിട്ടുണ്ട്, സാധാരണ ചുവന്ന നിറമുള്ള ബക്കിളിന് പകരം ട്രാന്‍സ്‌പെരന്റായ ബട്ടണാണ് ബ്രാന്‍ഡ് നല്‍കുന്നത്.


സീറ്റ് ബെല്‍റ്റ് ശരിയായി ബക്കിള്‍ ചെയ്യുമ്പോള്‍ വെള്ളയില്‍ നിന്ന് പച്ച നിറത്തിലേക്ക് മാറുന്ന രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മെച്ചപ്പെട്ട പ്രകാശത്തിനായി മള്‍ട്ടിപ്പിള്‍ കളര്‍ എല്‍.ഇ.ഡി സംവിധാനം സീറ്റ് ബെല്‍റ്റ് ബക്കലിലേക്ക് സംയോജിപ്പിക്കുകയും ഡ്രൈവറും യാത്രക്കാരും സീറ്റില്‍ ഇരിക്കുമ്പോള്‍ വെളുത്ത നിറം ചുവപ്പായി മാറുകയും ചെയ്യുന്നു. സ്‌കോഡയുടെ അഭിപ്രായത്തില്‍ ഇത് കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് വളരെ സഹായമാകും.


യാത്രയിലായിരിക്കുമ്പോള്‍ കുട്ടികളുടെ സീറ്റ് ബെല്‍റ്റ് ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും അത് ശരിയായി ബക്കിള്‍ ചെയ്തിട്ടുണ്ടോ എന്നും ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ കാണാന്‍ കഴിയും. ഡിസ്‌പ്ലേ സീക്വന്‍സ് ഉള്ളതായി ഇത് പ്രോഗ്രാം ചെയ്യാന്‍ കഴിയും, അതിനാല്‍, പ്രധാനമായും രാത്രി സമയങ്ങളില്‍ ഇത് തടസ്സരഹിതമായിരിക്കും. ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റത്തിലും ഇത് സംയോജിപ്പിക്കാം. സ്‌കോഡ സ്വന്തമായി രൂപകല്‍പ്പന ചെയ്തതും എഞ്ചിനീയറിംഗ് ചെയ്തതും വികസിപ്പിച്ചതുമായ നിരവധി പുതിയ സവിശേഷതകളില്‍ ഒന്നാണിത്.