vikas-dubey

ല‌ക്‌നൗ: കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ വച്ച് കൊടുംകുറ്റവാളി വികാസ് ദുബെ എട്ട് പൊലീസുകാരെ വധിച്ച കേസിൽ വഴിത്തിരിവ്. പൊലീസുകാരുടെ കൊലപാതകത്തിൽ യു.പി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ യു.പി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകി. കാൺപൂർ മുൻ എസ്.എസ്.പിയും നിലവിൽ ഡി.ഐ.ജിയുമായ ആനന്ദ് ദേവ് തിവാരിക്കെതിരെ അന്വേഷണത്തിന് കമ്മിഷൻ ശുപാർശ ചെയ്തു. 3500 പേജ് വരുന്ന റിപ്പോർട്ടിൽ തിവാരിയും വികാസ് ദുബൈയും തമ്മിൽ വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാട് അടക്കം അന്വേഷിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. .
ജൂലായ് മൂന്നിന് ദുബെയുടെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയ പൊലീസ് സംഘത്തെ ദുബയുടെ കൂട്ടാളികൾ ആക്രമിക്കുകയായിരുന്നു. റെയ്ഡിന് നേതൃത്വം നൽകിയ പൊലീസുകാരൻ ദേവേന്ദർ മിശ്രയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും തമ്മിൽ അന്നേ ദിവസം നടത്തിയ ഫോൺ സംഭാഷണത്തിൽ ചൗഭേപ്പൂർ എസ്.എച്ച്.ഒ വിനയ് തിവാരി, എസ്.എസ്.പി ആനന്ദ് ദേവ് തിവാരി എന്നിവർക്കെതിരെ തെളിവുകൾ ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. പിന്നീട് ദേവേന്ദർ മിശ്ര ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ ഫോൺ സംഭാഷണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആനന്ദ് ദേവ് തിവാരിക്കെതിരെ നിരവധി തെളിവുകൾ കമ്മിഷന് കിട്ടിയത്. കൂടാതെ ദുബയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാർ ഉൾപ്പെടെ 75 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും കമ്മീഷൻ ശുപാർശ ചെയ്തു.
പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ മദ്ധ്യപ്രദേശിൽ നിന്ന് പിടികൂടിയ വികാസ് ദുബെയെ കാൺപൂരിലേക്ക് കൊണ്ടുവരുന്ന വഴി കൊല്ലപ്പെട്ടിരുന്നു. പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ വെടിവച്ചെന്നാണ് പൊലീസ് ഭാഷ്യം.