ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ നാനോ സയൻസ്-നാനോ സാങ്കേതികവിദ്യ കേന്ദ്രത്തിലെ ഗവേഷണ വിദ്യാർത്ഥിനികളായ മര്യാ ഖാനും അബ്‌ജീന ഷബീറും നേടിയത് രാജ്യത്തെ പരമോന്നത ഗവേഷണ പഠന സഹായം. പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ്(പിഎംആർഎഫ്) ആണ് ഇവർ നേടിയെടുത്തത്. അഞ്ച് വർഷമായി മൊത്തം പത്ത് ലക്ഷം രൂപയാണ് ഗവേഷണത്തിന് ഇവർക്ക് ലഭിക്കുക. ആദ്യ രണ്ട് വർഷങ്ങളിൽ 70,000 വീതവും മൂന്നാം വർഷം 75,000 രൂപയും നാല്,അഞ്ച് വർഷങ്ങളിൽ 80,000 രൂപയും ആണ് ഇവർക്ക് ഫെലോഷിപ്പായി ഇവർക്ക് ലഭിക്കുക. രണ്ട് ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റ് ഉൾപ്പടെ മൊത്തം പത്ത് ലക്ഷം രൂപയാണ് ഒരാൾക്ക് അഞ്ച് വർഷം കൊണ്ട് പഠനത്തിനായി ലഭിക്കുകയെന്ന് സർവകലാശാലയിലെ നാനോ സയൻസ്-നാനോ സാങ്കേതികവിദ്യ കേന്ദ്രത്തിലെ ഡയറക്‌ടർ ഡോ.ഔറംഗസേബ് ഖുറം ഹഫീസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് നേടിയതിന് ഇരുവരെയും സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ: നജ്മ അക്‌തർ അഭിനന്ദിച്ചു. വരുംകാലത്തെ വിദ്യാർത്ഥികൾക്ക് ഇതൊരു പ്രോത്സാഹനമാണെന്ന് പ്രൊഫ: നജ്‌മ പറഞ്ഞു.
ആരോഗ്യ നിരീക്ഷണത്തിനുളള വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കാനാകുന്ന ഹൈബ്രിഡ് നാനോ സ്ട്രക്‌ചറുകളുടെ നിർമാണവും അവയുടെ പ്രവർത്തനവുമാണ് മര്യാ ഖാന്റെ പ്രബന്ധ വിഷയം. അതേസമയം അബ്‌ജീന ഷബീർ ലിഥിയം അയൺ ബാറ്ററികളിലെ ആനോട് സാമഗ്രികളുമായി ബന്ധപ്പെട്ടതാണ് പഠനവിഷയമാക്കിയിരിക്കുന്നത്.
2018-19ൽ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് രാജ്യത്തെ ഉന്നത പഠന-ഗവേഷണ നിലവാരം വർദ്ധിപ്പിക്കുവാൻ ലക്ഷ്യമിട്ടുളളതാണ്.