മാഡ്രിഡ്: വലിയ ആശങ്കയും സംശയവും തിടുക്കവും കാണിക്കുന്ന മാനസികാവസ്ഥയായ ഡെലിറിയം കൊവിഡ് രോഗലക്ഷണമാകാമെന്ന് ഗവേഷകർ. ഇതിനൊപ്പം പനിയുമുണ്ടാകാമെന്നും ഗവേഷകർ പറയുന്നു.
സംശയവും വൈകാരിക ചാഞ്ചാട്ടങ്ങളും ചിന്തിക്കാനും ഓർമിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ശേഷി നഷ്ടമാകുന്നതും അടക്കമുള്ള ലക്ഷണങ്ങളുമായി തലച്ചോറിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റമാണ് ഡെലിറിയം എന്നറിയപ്പെടുന്നത്. ഇതിനൊപ്പം ഉറക്കക്കുറവ് അടക്കമുള്ള മറ്റു ലക്ഷണങ്ങളുമുണ്ടാകാം. ജേണൽ ഒഫ് ക്ലിനിക്കൽ ഇമ്മ്യൂണോളജി ആൻഡ് ഇമ്മ്യൂണോതെറാപ്പിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രോഗം ബാധിച്ച് ആദ്യദിവസങ്ങളിൽ തന്നെ പ്രത്യക്ഷപ്പെടാവുന്ന ലക്ഷണമായാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയ്ക്കും പനിയ്ക്കും പുറമെയാണിത്.
"പനിയ്ക്കൊപ്പം ഇത്തരത്തിൽ ആശങ്കകൾ ഉണ്ടാകുന്നത് കൊവിഡിന്റെ പ്രാരംഭ ലക്ഷണമായേക്കാം, പ്രായമായ രോഗികളിൽ പ്രത്യേകിച്ചും." പഠനത്തിന് നേതൃത്വം നൽകിയ സ്പെയിനിലെ ഓബെർട്ട ഡി കാറ്റലൂണിയ സർവകലാശാലയിലെ ഹാവിയർ കൊറെയ വ്യക്തമാക്കി.