ബംഗളൂരു: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച തീരുമാനത്തിൽനിന്ന് പിന്തിരിഞ്ഞ് കർണാടക സർക്കാർ. ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അനുമതി നൽകി.
കൊവിഡ് നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൗരന്മാരുടെ ആരോഗ്യം കണക്കിലെടുത്ത് ലളിതവും അർത്ഥവത്തുമായ ദീപാവലി ആഘോഷിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
പടക്കങ്ങളുടെ ഉപയോഗം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും ഇത് കൊവിഡ് രോഗികളെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പടക്കം നിരോധിക്കാൻ സർക്കാർ തീരുമാനമെടുത്തത്.