fernando-solanas

ബ്യൂണസ് അയേഴ്സ്: സിനിമയെ സാമ്രാജ്യ വിരുദ്ധ,​ രാഷ്‌ടീയ പോരാട്ടങ്ങൾക്കുള്ള കൊടുങ്കാറ്റാക്കിയ ലോക പ്രശസ്ത അർജന്റീനിയൻ സംവിധായകനും തിരക്കഥാകൃത്തും രാഷ്ട്രീയപ്രവർത്തകനുമായ ഫെർണാണ്ടോ സൊളാനസ് (84) അന്തരിച്ചു. പാരീസിൽ താമസിച്ചിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

2019ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങാൻ സോളാനസ് തിരുവനന്തപുരത്ത് എത്തിയിരുന്നു.

തനിക്കും ഭാര്യ ഏയ്ഞ്ചല കൊറിയക്കും കൊവിഡ് ബാധിച്ചതായി കഴിഞ്ഞ മാസം 16ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

1936ൽ ബ്യൂണസ് അയേഴ്സിൽ ജനിച്ച സോളാനസ് 1962 ൽ ആദ്യത്തെ ഹ്രസ്വചിത്രമായ സെഗുർ ആൻഡാൻഡോ സംവിധാനം ചെയ്തു. മൂന്നാംലോക രാജ്യങ്ങളുടെ പ്രതിരോധവും മുതലാളിത്തത്തോടുള്ള എതിർപ്പുമെല്ലാമടങ്ങുന്ന രാഷ്ട്രീയമായിരുന്നു സൊളാനസ് സിനിമകളുടെ പ്രത്യേകത.രാഷ്‌ട്രീയ സിനിമകൾക്ക് തീക്ഷ്ണമായ ദൃശ്യഭാഷ ചമച്ച വിപ്ലവകാരിയായിരുന്നു സൊളാനസ്. സംവിധായകൻ ഒക്ടേവിയോ ഗെറ്റിനോയുമായി ചേർന്ന് ആവിഷ്‌കരിച്ച ഗറില്ല സിനിമ എന്ന സങ്കൽപ്പം ലോകസിനിമയെ ഉരുക്കിയ ലാവാപ്രവാഹമായിരുന്നു.

1960 - 70കളിൽ അർജന്റീനിയൻ സിനിമയെ ഇളക്കിമറിച്ച ഗ്രൂപോ സിനി ലിബറേഷ്യൻ ( വിമോചന സിനിമാ സംഘം )​ എന്ന പ്രസ്ഥാനം ഇതിന്റെ ഭാഗമായിരുന്നു. നവകൊളോണിയലിസത്തെയും മുതലാളിത്തത്തെയും ഹോളിവുഡിനെയും അത് നിരാകരിച്ചു. ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ‘ദ അവർ ഒഫ് ദ ഫർണസസ്’ (1968) നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടി. ലോകമെമ്പാടും ഇത് പ്രദർശിപ്പിച്ചു. ബഹുരാഷ്ട്ര കുത്തകകളുടെ അധിനിവേശവും സ്വകാര്യവത്കരണവും അർജന്റീനയിലെ സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകർത്തുവെന്ന് അന്വേഷിക്കുന്ന ‘സോഷ്യൽ ജെനോസൈഡ്’, ടാംഗോസ്: എൽ എക്സിലിയോ ഡി ഗാർഡൽ (1985), സർ (1988), എൽ വയജെ (1992), ലാ ന്യൂബ് (1998), മെമ്മോറിയ ഡെൽ സാക്വിയോ ( 2004), തുടങ്ങിയവ അദ്ദേഹത്തിന്റെ ലോകോത്തര സിനിമകളാണ്.

ആക്ടിവിസ്റ്റ് സ്വഭാവം ഉള്ളതിനാൽ അദ്ദേഹത്തിന്റെ സിനിമകൾ രാഷ്ട്രീയ പോരാട്ടങ്ങൾക്കുള്ള ഉപാധിയായി സ്വീകരിക്കപ്പെട്ടു.

വെനീസ് ചലച്ചിത്രമേളയിൽ ഗ്രാൻഡ് ജൂറി സമ്മാനവും ക്രിട്ടിക്സ് അവാർഡും കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പ്രി ഡി ലാ മിസ് എൻ സീൻ അവാർഡും സോളനാസ് നേടിയിട്ടുണ്ട്. 2004 ലെ ബെർലിൻ ചലച്ചിത്രമേളയിൽ അദ്ദേഹത്തിന് ഓണററി ഗോൾഡൻ ബെയർ ലഭിച്ചു.

ജീവിതമേ പോരാട്ടം

പ്രവാസത്തിന്റെ നോവുകളെ സിനിമകളിൽ സൊളാനസ് തീവ്രാനുഭമാക്കി. ടാംഗോ സംഗീതവും നൃത്തവും പോലുള്ള കലകളിലെ ആഴത്തിലുള്ള അറിവും ഇതിന് ബലമേകി. അർജന്റീന പ്രസിഡന്റായിരുന്ന കാർലോസ് മെനമിനെ നിശിതമായി വിമർശിച്ചിരുന്നു. ഒരു തവണ പരസ്യ വിമർശനത്തിന് ശേഷം സോളാനസിന് നേരെ ആക്രമണമുണ്ടായി. കാലിൽ ആറ് വെടിയേറ്റു. തളരാത്ത സോളാനസ് രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി. 2007 ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായെങ്കിലും അഞ്ചാം സ്ഥാനത്തായിപ്പോയി. മൂന്നാം ലോക രാഷ്ട്രീയ സിനിമകളുടെ ദൗത്യത്തെ കുറിച്ച് ഒക്ടാവിയോ ഗെറ്റിനോയ്‌ക്കൊപ്പം സൊളാനസ് 1969ൽ രചിച്ച 'ഒരു മൂന്നാം സിനിമയിലേക്ക്' എന്ന മാനിഫെസ്റ്റോ അരനൂറ്റാണ്ടിനിപ്പുറവും വികസ്വര രാജ്യങ്ങളിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രചോദനമാണ്.