ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ തൂക്ക് സഭാ ആയേക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്കും മഹാസഖ്യത്തിനും കേവലഭൂരിപക്ഷം നേടാനാവില്ലെന്നാണ് പുറത്തുവരുന്ന സർവേഫലങ്ങൾ. 243 സീറ്റുള്ള ബീഹാർ നിയമസഭയിൽ 122 സീറ്റ് നേടുന്നവരാണ് അധികാരത്തിലെത്തുക.
നിതീഷ് കുമാറിനും ജെ.ഡി.യുവിനും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സർവേഫലങ്ങൾ പറയുന്നത്. ആർ.ജെ.ഡി വലിയ ഒറ്റക്കക്ഷിയാകുമെന്നും ബി.ജെ.പി രണ്ടാമത്തെ വലിയ കക്ഷിയാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ് സീറ്റ് കണക്കിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ഇത് ഇടതുപാർട്ടികൾ നേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യ ടുഡെ ആക്സിസ് ഇന്ത്യയുടെ പ്രവചന പ്രകാരം സംസ്ഥാനത്ത് മഹാസഖ്യം 139 മുതൽ 161 സീറ്റ് വരെ നേടും.എൻ.ഡി.എക്ക് 69 മുതൽ 91 വരെ സീറ്റുകളും എൽ.ജെ.പിക്ക് അഞ്ച് വരെ സീറ്റുകളും ലഭിക്കും.ടൈംസ് നൗ ചാനലും സീ വോട്ടറും ചേർന്ന് നടത്തിയ സർവേയിൽ എൻ.ഡി.എക്ക് 116 ഉം മഹാസഖ്യത്തിന് 120 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്.മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപക്ഷ പാർട്ടികൾക്ക് പത്ത് സീറ്റ് വരെ ലഭിക്കാം.എബിപി ന്യൂസിന്റെ സർവേയിൽ എൻ.ഡി.എക്ക് 104 മുതൽ 128 സീറ്റ് വരെയും മഹാസഖ്യത്തിന് 108 മുതൽ 131 സീറ്റുവരെയും ലഭിക്കും. മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപക്ഷം ബിഹാറിൽ മികച്ച നേട്ടമുണ്ടാക്കുമെന്ന് എബിപി സർവേ ഫലങ്ങളും പറയുന്നു.റിപ്പബ്ലിക്കൻ സർവേയിൽ എൻ.ഡി.എക്ക് 91 മുതൽ 117 സീറ്റ് വരെയും മഹാസഖ്യത്തിന് 118 മുതൽ 138 സീറ്റ് വരെ ലഭിച്ചേക്കാം.
തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിച്ചപ്പോൾ വൈകിട്ട് 5 വരെ 55.22% പോളിംഗ് രേഖപ്പെടുത്തി.ബിഹാര്‍ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ പത്തിന് വോട്ടെണ്ണല്‍ നടക്കും.