മുംബയ്: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയുമായി കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് മുംബയ് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹർജി വിധി പറയാനായി മാറ്റി.
ജാമ്യാപേക്ഷ ലഭിച്ചാൽ നാല് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എം.എസ്. കാർണിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇന്റീരിയർ ഡിസൈനർ അൻവെയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് അർണബ് അറസ്റ്റിലായത്. തുടർന്ന് കോടതി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. റായിഗഡ് ജയിലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അർണബിനെ പാർപ്പിച്ചിട്ടുള്ളത്.