china

ന്യൂഡൽഹി : തങ്ങൾക്ക് ലഭിച്ച ഗുണനിലവാരമില്ലാത്ത ചൈനീസ് മിലിട്ടറി ഉപകരണങ്ങളെ ഓർത്ത് തലവേദനയിലാണ് ബംഗ്ലാദേശ്, മ്യാൻമർ മുതൽ ജോർദ്ദാൻ വരെയുള്ള അര ഡസനോളം രാജ്യങ്ങൾ. 2017ൽ 1970 കാലഘട്ടത്തെ രണ്ട് മിംഗ് ക്ലാസ് ടൈപ്പ് 035ജി അന്തർവാഹിനികൾ ചൈന ബംഗ്ലാദേശിന് നൽകിയിരുന്നു. ഓരോന്നും 10 കോടി യു.എസ് ഡോളർ വീതം തുകയ്ക്കാണ് ചൈന ബംഗ്ലാദേശിന് നൽകിയത്.

ബി.എൻ.എസ് നബോജാത്ര, ബി.എൻ.എസ് ജോയ്‌ജാത്ര എന്നിങ്ങനെ പുനർനാമകരണം ചെയ്ത് ബംഗ്ലാദേശ് അവയെ റീകമ്മിഷൻ ചെയ്തു. പക്ഷേ, സങ്കേതിക തകരാറുകൾ കാരണം രണ്ടെണ്ണവും ഒരുപയോഗവും ഇല്ലാതെ കട്ടപ്പുറത്താണിപ്പോൾ.

2020ലും ചൈനയുടെ വക ബംഗ്ലാദേശിന് രണ്ട് 053H3 യുദ്ധക്കപ്പലുകളും കിട്ടി. ബി.എൻ.എസ് ഉമർ ഫാറൂഖ്, ബി.എൻ.എസ് അബു ഉബൈദ എന്നിങ്ങനെ പേരിട്ട് ഏറെ പ്രതീക്ഷകളോടെയാണ് രണ്ടിനെയും ബംഗ്ലാദേശ് നീറ്റിലിറക്കിയത്. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല, ഗൺ സിസ്റ്റം, നാവിഗേഷൻ റഡാർ തുടങ്ങിയ സംവിധാനങ്ങളുടെ വൈകാതെ പ്രവർത്തനരഹിതമായി.

ചൈനയിൽ നിന്നും ലഭിച്ച ഉപകരണങ്ങളുടെ ഗുണനിലവാരത്തിൽ മ്യാൻമറിന്റെ സായുധസേന അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്നും സിന്ധുവീർ എന്നൊരു അന്തർവാഹിനി മ്യാൻമറിന് കൊടുത്തു. ചൈനീസ് ഉപകരണങ്ങൾ ഒറ്റ ദിവസം കൊണ്ട് തകരുമെന്ന് മ്യാൻമറിന് മനസിലായി.

നേപ്പാളിന്റെ കാര്യത്തിലും കഥ മറ്റൊന്നല്ല, ചൈനീസ് നിർമിതമായ ആറ് Y12e, MA60 വിമാനങ്ങളാണ് കിട്ടിയത്. പക്ഷേ, ആറെണ്ണവും ഷെഡിൽ തന്നെയുണ്ട്. ! ഇതേ വിമാനങ്ങൾ ചൈന ബംഗ്ലാദേശിന് നൽകാമെന്ന് പറഞ്ഞെങ്കിലും അവർ അത് നിരസിച്ചിരുന്നു.

ആഫ്രിക്കൻ രാജ്യങ്ങളും ചൈനയുടെ വലയിൽ വീണിരുന്നു. ചൈനീസ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ചോംഗ്ക്വിംഗ് ടിയെമ ഇൻഡസ്ട്രീസ് നിർമിച്ച VN - 4 ആർമർഡ് പേഴസണൽസ് കാരിയറുകൾ ( എ.പി.സി ) 2016ൽ കെനിയയ്ക്ക് നൽകിയിരുന്നു. വാഹനങ്ങളുടെ ടെസ്റ്റ് ഫയറിംഗ് വേളയിൽ സന്നിഹിതരായിരുന്ന ചൈനീസ് അധികൃതർ വാഹനത്തിന്റെ ഉള്ളിലേക്ക് കയറാൻ ക്ഷണിക്കപ്പെട്ടെങ്കിലും തയാറായില്ല എന്നതാണ് വിചിത്രം. അതിന് കാരണം ഭാവിയിൽ കെനിയയ്ക്ക് മനസിലായി. നിരവധി കെനിയൻ സൈനികരുടെ മരണത്തിന് ഈ വാഹനങ്ങൾ കാരണമായി.

ചൈനീസ് നിർമിത ഡ്രോണുകളുടെ അപകട പരമ്പരകളാണ് വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയയ്ക്ക് കാണേണ്ടി വന്നത്. അൾജീരിയയ്ക്ക് നൽകിയ അതേ CH - 4B UCAV ഡ്രോണുകൾ ആറെണ്ണമാണ് ചൈന പടിഞ്ഞാറൻ ഏഷ്യൻ രാജ്യമായ ജോർദ്ദാനും കൊടുത്തത്. ഒടുവിൽ സഹികെട്ട് ജോർദ്ദാൻ അവ വില്പനയ്ക്ക് വച്ചിരുന്നു.

ചൈനയുടെ ഉറ്റ സുഹൃത്തുക്കാളായ പാകിസ്ഥാന്റെ അവസ്ഥയാണ് രസകരം. കയിച്ചിട്ട് തുപ്പാനും വയ്യ, മധുരിച്ചിട്ട് ഇറക്കാനും വയ്യെന്നാണ് അവസ്ഥ. പാക് നാവിക, കരസനേകൾക്കെല്ലാം ചൈന ഉപകരണങ്ങൾ നൽകിയിരുന്നു. പക്ഷേ, ഉപയോഗിക്കാൻ കൊള്ളില്ലെന്ന് മാത്രം. ചൈനീസ് നിർമിത യുദ്ധക്കപ്പലുകളും മൊബൈൽ മിസൈൽ സിസ്റ്റങ്ങളും ഒരുപയോഗവുമില്ലാതെ സൂക്ഷിക്കേണ്ട ഗതികേടിലാണ് പാകിസ്ഥാൻ.