ന്യൂഡൽഹി: കൊവിഡിൽ രാജ്യത്ത് ഇന്ധന വില്പന കുറഞ്ഞെങ്കിലും എക്‌സൈസ് നികുതിയിനത്തിൽ കേന്ദ്രത്തിന് ലഭിച്ചത് വൻ വരുമാനം. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്‌തംബർ) പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയായി സമാഹരിച്ചത് 1.75 ലക്ഷം കോടി രൂപയാണ്. നടപ്പുവർഷം ഈയിനത്തിൽ കേന്ദ്രം ആകെ ലക്ഷ്യമിടുന്നത് 2.45 ലക്ഷം കോടി രൂപയാണ്.
അടിസ്ഥാന എക്‌സൈസ് നികുതി, പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക അധിക എക്‌സൈസ് നികുതി എന്നിവയിലൂടെ ലക്ഷ്യമിടുന്ന തുകയാണിത്. ഈവർഷം ഏപ്രിൽ-സെപ്‌തംബറിൽ കൊവിഡും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മൂലം 2019ലെ സമാനകാലത്തെ അപേക്ഷിച്ച് പെട്രോൾ 20 ശതമാനവും ഡീസൽ 25 ശതമാനവും വില്പനയിടിവ് കുറിച്ചിരുന്നു.
ഇക്കാലയളവിൽ എക്‌സൈസ് നികുതി വരുമാനം കൂടാൻ കാരണം നികുതിയിലുണ്ടായ വൻ വർദ്ധനയാണ്. 2019-20ലെ ആദ്യ പകുതിയെ അപേക്ഷിച്ച് ഇക്കുറി പെട്രോളിന് 65 ശതമാനവും ഡീസലിന് 101 ശതമാനവുമാണ് നികുതി കൂടിയത്. കൊവിഡിന് മുമ്പത്തെ സ്ഥിതിയെ അപേക്ഷിച്ച് സെപ്‌തംബറിൽ പെട്രോൾ വില്പനക്കുറവ് 2.43 ശതമാനമാണ്; ഡീസലിന്റേത് 23 ശതമാനവും.
ഇന്ധന വില്പനയും നികുതി വരുമാനവും
പെട്രോൾ
2019 ഏപ്രിൽ - സെപ്‌തംബർ : 1.53 കോടി മില്യൺ ടൺ
2020 ഏപ്രിൽ - സെപ്‌തംബർ : 1.21 കോടി മില്യൺ ടൺ
വില്പന ഇടിവ് : 20.82%
2019ലെ സമാനകാല നികുതി വരുമാനം : ₹43,147.5 കോടി
ഈവർഷം വരുമാനം : ₹56,390.84 കോടി
വരുമാന വളർച്ച : 30.69%
ഡീസൽ
2019 ഏപ്രിൽ - സെപ്‌തംബർ : 4.13 കോടി മില്യൺ ടൺ
2020 ഏപ്രിൽ - സെപ്‌തംബർ : 3.09 കോടി മില്യൺ ടൺ
വില്പന ഇടിവ് : 25.08%
2019ലെ സമാനകാല നികുതി വരുമാനം : ₹79,224 കോടി
ഈവർഷം വരുമാനം : ₹1.19 ലക്ഷംകോടി
വരുമാന വളർച്ച : 50.64%
നികുതി വളർച്ച
(ലിറ്ററിന്)
പെട്രോൾ എക്‌സൈസ് നികുതി 2019 : ₹19.98
ഇപ്പോൾ : ₹32.98; വർദ്ധന : 65.07%
ഡീസൽ എക്‌സൈസ് നികുതി 2019 : ₹15.83
ഇപ്പോൾ : ₹31.83; വർദ്ധന : 101.07%